വ്യാജപ്രതീതി സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളെ തുറന്നുകാട്ടണം: സാംസ്കാരിക നയരേഖയുമായി സിപിഎം

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സാംസ്കാരിക രംഗത്ത് ഇടപെടണമെന്നും അതിന് അനുയോജ്യമായ രീതിയിൽ ഫണ്ട് വിനിയോഗിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും സിപിഎമ്മിന്റെ സാംസ്കാരിക നയരേഖ.

സിപിഎം സാംസ്കാരിക നയരേഖ
ആരാധനയുടെയും വിശ്വാസത്തിന്റെയും മേഖലയിൽ വർഗീയതയും തീവ്രവാദ പ്രസ്ഥാനങ്ങളും സജീവമാണെന്ന് നയരേഖയിൽ പറയുന്നു. ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം. വിശ്വാസവും വർഗീയതയും രണ്ടാണെന്ന് കണ്ടുകൊണ്ടുള്ള പ്രചാരണം സംഘടിപ്പിക്കണം. വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീവിരുദ്ധമായി നിലനിൽക്കുന്ന രീതികളെ മാറ്റുന്നതിന് ഇടപെടണം. സ്ത്രീകള്‍, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അടിച്ചമർത്തുന്ന സാംസ്കാരിക ധാരകളെയും, മതത്തെയാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ന രീതിയിൽ വ്യാജ പ്രതീതി സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളെയും തുറന്നു കാട്ടണം. അതിനാവശ്യമായ പ്രതിരോധകരമായ ഭാഷാ പ്രയോഗം കൊണ്ടുവരണം. മതഭ്രാന്തിനെയും അന്ധവിശ്വാസത്തെയും തുറന്നു കാട്ടണം

ചർച്ചയ്ക്കെന്ന പേരിൽ പ്രതിലോമ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സാംസ്കാരിക പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല, സാംസ്കാരിക കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കാനാണ് ഇടപെടേണ്ടതെന്ന ബോധം സാംസ്കാരിക പ്രവർത്തകർക്ക് ഉണ്ടാകണം. വിദ്യാർഥി മേഖലയിൽ പ്രത്യേക സാംസ്കാരിക വിഭാഗം രൂപീകരിക്കണം. ഇലക്ട്രോണിക് മാധ്യമങ്ങളിലും ഓഡിയോ വിഷ്വൽ മാധ്യമങ്ങളിലും ലോകത്തിന്റെ ശാസ്ത്ര വികാസത്തിന്റെ ഭാഗമായി ഉണ്ടായ ശക്തിയെ തിരിച്ചറിയണം. പരസ്യങ്ങളിലൂടെയും വാർത്തകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന പുരുഷാധിപത്യ ആശയങ്ങളെ തുറന്നു കാട്ടണം. അടിച്ചമർത്തലിനും അനീതിക്കുമെതിര ബുദ്ധിജീവികൾ, കലാകാരൻമാർ, എഴുത്തുകാർ, അധ്യാപകർ, ഗവേഷകർ, നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരെ സംഘടിപ്പിക്കണം.
പ്രാദേശിക തലത്തിലുള്ള കലാകാരൻമാരെ പ്രോത്സാഹിപ്പിക്കണം. പ്രാദേശിക അറിവുകളെ മനസിലാക്കാനും വികസിപ്പിക്കാനുമുള്ള പരിപാടികൾ ആലോചിക്കണം. പുസ്തക വിപണിയിൽ പുരോഗമന ഇടപെടൽ വേണം. ഗ്രാമപ്രദേശങ്ങളിൽ സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കണം. ഗ്രാമീണ നാടകവേദികൾ സംഘടിപ്പിച്ച് ഓരോ പ്രധാന പ്രശ്നങ്ങളിലും ഇടപെടണം. നാടൻ കലകളെ പ്രോത്സാഹിപ്പിക്കണം. നവമാധ്യമ രംഗത്ത് സവിശേഷ പ്രധാന്യത്തോടെ ഇടപെടണം. സാംസ്കാരിക പഠന സ്കൂളുകൾ യൂണിറ്റുതലം വരെ വേണം. നവമാധ്യമ മേഖലയിലെ ട്രോളുകൾ ഉൾപ്പെടെ സാംസ്കാരിക ഇടപെടലാണെന്നു മനസിലാക്കി ഇടപെടണമെന്നും നയരേഖയിൽ പറയുന്നു.

