നഗരഹൃദയത്തിൽ പൊടിപിടിക്കുന്നത് അഞ്ചുകോടിയുടെ കെട്ടിടം

കാഞ്ഞങ്ങാട്: അഞ്ചുകോടി രൂപ കടമെടുത്ത് കാഞ്ഞങ്ങാട് നഗരസഭ പണിത കെട്ടിടം വർഷം രണ്ട് പിന്നിടുമ്പോഴും ഒരുരൂപപോലും വരുമാനമില്ലാതെ കിടക്കുന്നു. അലാമിപ്പള്ളിയിലെ പുതിയ ബസ്‌സ്റ്റാൻഡിനോട് ചേർന്ന പണിത രണ്ട് കൂറ്റൻ മൂന്നുനില കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. മാസംതോറും ലക്ഷക്കണക്കിന് രൂപ നഗരസഭയ്ക്ക് വാടക വരുമാനമായി കിട്ടേണ്ട കെട്ടിടത്തിൽ 108 കടമുറികളുണ്ട്. മൂന്നുതവണ നടന്ന ലേലം നടത്തിയിട്ടും ആകെ ലേലം കൊണ്ടത് രണ്ട് കടമുറികൾ മാത്രമാണ്. ഒരു സഹകരണ സ്ഥാപനമാണ് രണ്ടുമുറികൾ ലേലത്തിലെടുത്തത്. സ്വകാര്യവ്യക്തികൾ നിർമിക്കുന്ന കെട്ടിടം പണി തീരും മുൻപ് ലക്ഷങ്ങളുടെ കരാറുറപ്പിച്ച് വാടകയ്ക്ക് എടുക്കാൻ ആളുകൾ തിക്കിത്തിരക്കുമ്പോഴാണ് നഗരത്തിലെ കണ്ണായ സ്ഥലത്തെ കെട്ടിടം ആർക്കും വേണ്ടാതെ നോക്കുകുത്തിയായ് നിൽക്കുന്നത്.
ബസ്‌സ്റ്റാൻഡ് യാർഡിന് തെക്കും പടിഞ്ഞാറുമായാണ് മൂന്നുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്തെ കെട്ടിടത്തിൽ താഴത്തെ നിലയിൽ തന്നെ 40 ഷട്ടർ ഘടിപ്പിച്ച കടമുറികളുണ്ട്. പടിഞ്ഞാറുഭാഗത്ത് താഴത്തെ നിലയിൽ 17 കടമുറികളാണുള്ളത്. ഒന്നാംനിലയിലും രണ്ടാം നിലയിലും ഓഫീസ് സൗകര്യത്തിനുള്ള വിശാലമായ മുറികളാണ്.
മാസവാടക 15,000 രൂപ; നിക്ഷേപം 15 ലക്ഷം
:നഗരസഭാ നിയമാവലി അനുസരിച്ച് കടമുറികൾക്ക് 15,000 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. മുൻകൂർ നിക്ഷേപമായി ഏറ്റവും ചുരുങ്ങിയത് 15 ലക്ഷമാണ് തീരുമാനിച്ചത്. ഈ തുകയാണ് ലേലത്തിലെ ചുരുങ്ങിയ നിക്ഷേപമായി പരിഗണിക്കുക. നിക്ഷേപത്തുക തങ്ങാൻപറ്റുന്നില്ലെന്ന കാരണമാണ് കടമുറികൾ ലേലം പോകാത്തതിന്റെ പ്രധാന പോരായ്മ പറയുന്നത്. അത് പകുതിയായെങ്കിലും കുറയ്ക്കണമെന്നാണ് ലേലത്തിൽ പങ്കെടുത്തവർ ആവശ്യപ്പെടുന്നത്.
കെട്ടിടനിർമാണം പൂർത്തിയായ കാലയളവ് നോക്കിയാൽ മാസംതോറും ലക്ഷങ്ങളുടെ വാടകവരുമാന നഷ്ടമാണ് നഗരസഭയ്ക്ക് സംഭവിക്കുന്നത്. ഹഡ്‌കോവിൽനിന്ന് അഞ്ചുകോടി വായ്പയെടുത്താണ് കെട്ടിട നിർമാണം നടത്തിയത്. അതിന്റെ പലിശയിനത്തിൽ വലിയതുക നഗരസഭയ്ക്ക് ബാധ്യതയുണ്ട്. നഗരസഭയുടെ മുൻകാല ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇക്കാര്യത്തിൽ നിശിതമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് ജീവനേകണം; അധികൃതർ ഉണരണം
: പൊതുപണം ഉപയോഗിച്ച് നിർമിച്ച ഈ കെട്ടിടങ്ങൾ ഇങ്ങനെ അടച്ചിടുന്നത് നാടിന് ഭൂഷണമല്ല. അത് ജനോപകാരപ്രദമായി മാറ്റിയെടുക്കാൻ നേതൃത്വം കൊടുക്കേണ്ടത് നഗരം ഭരിക്കുന്നവരാണ്. തുരുമ്പെടുക്കുന്ന കെട്ടിടങ്ങൾക്ക് ഏത് രീതിയിൽ ജീവൻ പകരാമെന്നത് സംബന്ധിച്ചുള്ള ചർച്ചകളും കറപുരളാത്ത നടപടിയും ഉണ്ടാകേണ്ടതുണ്ട്. അത് എത്രയും നേരത്തേയാകുന്നുവോ അത്രയും നല്ലത്. നഗരത്തോട് ചേർന്ന് ഇത്രയും സൗകര്യമുള്ള കെട്ടിടസമുച്ചയം വേറെയില്ല. വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും അലാമിപ്പള്ളി ബസ്‌സ്റ്റാൻഡിന്റെ പ്രത്യേകതയാണ്. ഇപ്പോഴും കാഞ്ഞങ്ങാട്ടെ പല സർക്കാർ ഓഫീസുകളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവയെ ഈ കെട്ടിടത്തിലേക്ക് എളുപ്പം പറിച്ചുനടാവുന്നതാണ്. കെട്ടിടങ്ങൾ വാടകയ്ക്ക് ഏറ്റെടുക്കാൻ വ്യാപാരികളും സംരംഭകരും മടിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി തിരുത്താൻ വൈകരുത്.

