കുട്ടികളെ ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല, ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്പ്പിക്കന് ഉദ്ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആള്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പരാമര്‍ശം വന്നപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നം എന്ന് താന്‍ ചോദിച്ചിരുന്നു. മറിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് തീരുമാനം എടുത്തതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
സ്കൂളുകളില്‍ സഹപഠനം തുടങ്ങുന്നതില്‍ എടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. സ്കൂളുകള്‍ മിക്സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയില്‍ ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി , ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി മാറ്റി. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശവും കരട് രേഖയില്‍ നിന്ന് ഇന്നലെ ഒഴിവാക്കിയിരുന്നു. സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കരട് രേഖയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.

