KSDLIVENEWS

Real news for everyone

3000 രൂപ കൈക്കൂലി വാങ്ങിയ ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയില്‍

SHARE THIS ON

കാസര്‍കോട്: ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റും തണ്ടപ്പേരും അനുവദിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസര്‍ കൊടക്കാട് വെള്ളച്ചാല്‍ സ്വദേശി സി. അരുണ്‍ കുമാര്‍, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി സുധാകരൻ എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചാമുണ്ഡിക്കുന്ന്, മുനയംകോട് ഹൗസില്‍ എം. അബ്ദുല്‍ ബഷീറാണ് ഇവര്‍ക്കെതിരെ പരാതി നല്കിയത്. അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരീ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറുമാസം മുമ്ബ് കരാറുണ്ടാക്കിയിരുന്നു. മരണപ്പെട്ട മൊയ്തീൻ എന്നയാളുടെ പേരിലുള്ള സ്ഥലം വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തി സൈറ്റ് പ്ലാനിനും തണ്ടപ്പേര്‍ ലഭിക്കുന്നതിനും ഇവര്‍ അപേക്ഷിച്ചിരുന്നു. ആദ്യം ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ഇതിനും അപേക്ഷ നല്കി. സ്ഥലം ഉടമയായിരുന്ന മൊയ്തീന്റെ ഭാര്യ ഖദീജയ്ക്ക് വേണ്ടി പരാതിക്കാരൻ അപേക്ഷയുമായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റും തണ്ടപ്പേരും അനുവദിച്ച്‌ നല്‍കുന്നതിന് വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അബ്ദുല്‍ ബഷീര്‍ കാസര്‍കോട് വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നല്‍കിയ ഫിനോഫ്തലീൻ പൗഡര്‍ പുരട്ടിയ 3,000 രൂപയ്ക്കുള്ള നോട്ടുകള്‍ നല്‍കിയപ്പോള്‍ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. കണക്കില്‍പ്പെടാത്ത 11,620 രൂപയും പിടികൂടി. ഇൻസ്‌പെക്ടര്‍ കെ. സുനുമോൻ, എസ്.ഐമാരായ ഈശ്വരൻ നമ്ബൂതിരി, കെ. രാധാകൃഷ്ണൻ. വി.എം മധുസൂദനൻ, പി.വി സതീശൻ, എ.എസ്.ഐമാരായ വി.ടി സുഭാഷ് ചന്ദ്രൻ, പ്രിയ കെ. നായര്‍, കുമ്ബള എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ. കരുണാകര, കാസര്‍കോട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. പവിത്രൻ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!