ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ബൈലോ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ബൈലോ ഭേദഗതി ചെയ്യാൻ സര്‍ക്കാര്‍ ഉത്തരവായി. 2019 ല്‍ ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡില്‍ നാളിതുവരെയായി ബസുകള്‍ കയറുകയോ കടമുറികളില്‍ ഒന്ന് പോലും തുറക്കുകയോ ചെയ്തിട്ടില്ല.
ബസ് സ്റ്റാൻഡിന്റെ മൂന്ന് വശങ്ങളില്‍ മൂന്ന് നിലകളിലായി 108 മുറികളാണുള്ളത്. 15 ലക്ഷം ഡെപ്പോസിറ്റും 15,000 രൂപ വാടകയുമായാണ് ആദ്യം ബൈലോ തയ്യാറാക്കിയത്.
അതുപ്രകാരം മൂന്ന് തവണയെങ്കിലും നഗരസഭ മുറികള്‍ ലേലത്തിന് വച്ചു. എന്നാല്‍ ഒന്ന് പോലും ലേലത്തില്‍ പോയില്ല. ഈ സാഹചര്യത്തില്‍ ബൈലോ ഭേദഗതി ചെയ്യാൻ അനുമതി തേടി ചെയര്‍പേഴ്സണ്‍ കെ.വി സുജാത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് ഇക്കഴിഞ്ഞ മേയില്‍ നിവേദനം നല്‍കിയിരുന്നു. ഇതിനുപുറമെ നഗരസഭ കൗണ്‍സില്‍ ഈ ആവശ്യത്തിന്മേല്‍ പ്രമേയം പാസ്സാക്കുകയായിരുന്നു.
ഇതൊക്കെ പരിഗണിച്ചാണ് ബൈലോ ഭേദഗതി ചെയ്യാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഭേദഗതി കൗണ്‍സില്‍ അംഗീകരിക്കേണ്ടതും അംഗീകരിച്ച് കഴിഞ്ഞാല്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ആക്ഷേപാഭിപ്രായങ്ങള്‍ ജനങ്ങളില്‍ നിന്ന് ക്ഷണിക്കാനാണ് ഭേദഗതി പ്രസിദ്ധപ്പെടുത്തുന്നത്. അതിന് ശേഷം ഇക്കാര്യങ്ങളൊക്കെയും ഗവണ്‍മെന്റിലേക്കറിയിക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.
ഭേദഗതി ചെയ്യുന്നതോടെ കടമുറികളുടെ വാടക താഴത്തെ നിലയില്‍ 7000 രൂപയില്‍ താഴെയായിരിക്കും. സ്‌ക്വയര്‍ ഫീറ്റിന് 30 രൂപയാണ് താഴത്തെ നിലയില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പുറമേ 10 മാസത്തെ വാടക മാത്രമേ ഡെപ്പോസിറ്റായി നല്‍കേണ്ടതുള്ളൂ. ഉത്തരവും ഭേദഗതിയും സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും കൗണ്‍സിലിലേക്ക് വരിക. ഈ വര്‍ഷം അവസാനത്തോടെ ബസ് സ്റ്റാൻഡ് സജീവമാകുമെന്നാണ് കരുതുന്നത്.

