തെരുവിൽ നിന്ന് അക്ഷരങ്ങൾ പഠിച്ചു, പുസ്തകവായനയിലൂടെ വളർന്നു: മുഹമ്മദ് അബ്ബാസ്

കാഞ്ഞങ്ങാട്:’ജീവിതപ്രാരബ്ധങ്ങൾക്കിടയിലും തെരുവിൽനിന്നാണ് അക്ഷരങ്ങൾ പഠിച്ചത്, പുസ്തകവായനയിലൂടെയായിരുന്നു എന്റെ വളർച്ച. വായന ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകില്ല’ -എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്. മാതൃഭൂമി ബുക്സ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സർഗസംവാദത്തിൽ വിദ്യാർഥികളോട് ജീവിതം പറയുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയകാലംകൊണ്ടുതന്നെ നാലാംപതിപ്പിലെത്തിയ ‘വിശപ്പ്, പ്രണയം, ഉന്മാദം’ ഉൾപ്പെടെയുള്ള നൊമ്പരപ്പെടുത്തുന്ന ഓർമക്കുറിപ്പുകളുടെ രചയിതാവ് മുഹമ്മദ് അബ്ബാസുമായുള്ള സർഗസംവാദം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് എഴുത്തുകാരനുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥൻ, പ്രഥമാധ്യാപകൻ വിനോദ്കുമാർ മേലത്ത്, മാതൃഭൂമി ബുക്സ് പ്രധിനിധി എം. സുനീഷ്, അധ്യാപകരായ ഗോപി മുളവന്നൂർ, വിനോദ് പുറവങ്കര, സി.പി. ശുഭ, പ്രിൻസി സ്വരൂപ്, കെ.പി. ആശ, പി. ബിന്ദു, പി.വി. ശ്രീജിത്ത്, എം. തുഷാര എന്നിവർ വായനാനുഭവങ്ങൾ പങ്കിട്ടു.

