മുഖ്യമന്ത്രിയോട് സങ്കടം പറയാൻ എൻഡോസൾഫാൻ ദുരിതബാധിതർ കാഞ്ഞങ്ങാട് ഒത്തുചേർന്നു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി ഞങ്ങളുടെയും സങ്കടങ്ങൾ കേൾക്കണമെന്ന് അഭ്യർഥനയുമായി എൻഡോസൾഫാൻ ദുരിതബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഒത്തുചേർന്നു. പെൻഷനും മരുന്നുകളും ആസ്പത്രികളിലേക്കുള്ള വാഹനങ്ങളും നിലച്ചിട്ട് മാസങ്ങളായെന്നും ഇതിനൊക്കെ പരാതി പറയേണ്ട മന്ത്രി ചെയർമാനായുള്ള സെൽ യോഗം ചേർന്നിട്ട് മാസങ്ങളായതിന്റെയും സങ്കടം മുഖ്യമന്ത്രിയോട് പറയാനായിരുന്നു ദുരിതബാധിതർ ഒത്തുചേർന്നത്. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു. സെൽ ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ തിരക്കുകൾ പരിഗണിച്ച് ഉത്തരവാദിത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നൽകി യോഗങ്ങൾ കൃത്യമായി നടത്താനുള്ള സാഹചര്യമൊരുക്കണമെന്ന് പീഡിത ജനകിയ മുന്നണി ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജൻ കയ്യൂർ, ഫറീന കോട്ടപ്പുറം, ജയന്തി ബദിയഡുക്ക, രാധാകൃഷ്ണൻ ചീമേനി, പ്രേമചന്ദ്രൻ ചോമ്പോല, പി. ഷെനി, ഇ. തമ്പാൻ എന്നിവർ സംസാരിച്ചു.

