KSDLIVENEWS

Real news for everyone

റാസൽഖൈമയിൽ വാഹനാപകടം; മരിച്ച കണ്ണൂർ സ്വദേശിനിയെ തിരിച്ചറിഞ്ഞു, കൂടുതൽ മലയാളികൾ ഉള്ളതായി സൂചന

SHARE THIS ON

റാസൽഖൈമ: യു.എ.ഇ.യിലെ റാസൽഖൈമയിലുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഒരു മലയാളിയും ആന്ധ്രപ്രദേശ് സ്വദേശിയുമാണ് മരിച്ചത്. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26), ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31) എന്നിവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അപകടത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായി അനൗദ്യോഗിക വിവരം. അപകടത്തിൽ മരിച്ച 13 പേരിൽ മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച റാസൽഖൈമയിലെ അൽ വത്തൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഫിലിപ്പീൻസ് സ്വദേശിയും ശ്രീലങ്കക്കാരനും മരിച്ചവരിലുണ്ട്.

മലയാളിയുടെ ഉടമസ്ഥതയിൽപ്പെട്ട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. തകരാറിലായി റോഡരികിൽ നിർത്തിയിട്ട യാത്രാബസിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം 12-ന് യു.എ.ഇ.യിലെ ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളടക്കം 14 പേർ മരിച്ചിരുന്നു. ഇതിന്റെ നടുക്കം മാറുംമുൻപാണ് മറ്റൊരു ദുരന്തംകൂടി ഉണ്ടായത്.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഹെൽപ്ലൈൻ നമ്പർ 800 46342-ൽ അറിയാം. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!