KSDLIVENEWS

Real news for everyone

ഡീസൽ വില പേടിച്ച് ബസുകൾ സി.എൻ.ജിയിലേക്ക് മാറി, ചെലവ് 7 ലക്ഷം രൂപ; ഇപ്പോൾ ഡീസലിനെക്കാൾ വില സി.എൻ.ജിക്ക്

SHARE THIS ON

തൃശ്ശൂർ: വിലക്കുറവും ക്ഷമതയും മലിനീകരണക്കുറവും ആകർഷകഘടകമായിരുന്ന പ്രകൃതിവാതക ഇന്ധനത്തിലേക്ക് (സി.എൻ.ജി.) ചേക്കേറിയ വാഹനങ്ങൾക്കിത് പ്രതിസന്ധിക്കാലം. സി.എൻ.ജി. വില കത്തിക്കയറുന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. വിലനിയന്ത്രണത്തിന് പ്രത്യേക അതോറിറ്റി ഇല്ല.

2021 തുടക്കത്തിൽ സി.എൻ.ജി.ക്ക് കിലോയ്ക്ക് 57 രൂപയായിരുന്നു വില. അന്ന് ഡീസൽ ലിറ്ററിന് 79.65 രൂപയും. ഇപ്പോൾ സി.എൻ.ജി.യുടെ വില എറണാകുളം മുതൽ വടക്കോട്ട് 103.50 രൂപ. ഡീസലിന് 103.08 രൂപയും. 2021-മായി താരതമ്യംചെയ്യുന്‌പോൾ സി.എൻ.ജി.ക്ക്് കിലോയ്ക്ക് 46.50 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇക്കാലയളവിൽ ഡീസലിന്റെ വില കൂടിയത് 23.50 രൂപമാത്രം.

സി.എൻ.ജി.ക്ക് 2021-ൽ 57 രൂപയായിരുന്നത് 2022-ൽ 83 രൂപ, 2024-ൽ 85.41 രൂപ, 2025-ൽ 99 രൂപ, 2026 നവംബർ 103.50 രൂപ എന്നിങ്ങനെ കുതിച്ചുയർന്നു. ലാഭം പ്രതീക്ഷിച്ച് ഒട്ടേറെ ബസുകളാണ് സി. എൻ.ജി. എൻജിനിലേക്ക് മാറിയത്. ഇതിന് ഏഴുലക്ഷംവരെയാണ് ചെലവ്.

സി.എൻ.ജി. എൻജിനോടുകൂടിയ ബസുകൾക്ക് സാധാരണ ബസുകളെക്കാൾ നാലുലക്ഷത്തോളം വില കൂടും. സി.എൻ.ജി.ക്ക് ഡീസലിനെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ ക്ഷമതയുണ്ട്. മലിനീകരണം കുറയ്ക്കാൻ ആഡ്ബ്ലൂ ഉപയോഗിക്കുകയും വേണ്ട. കേരളത്തിൽ ടാക്‌സി കാറുകളിൽ 80 ശതമാനവും സി.എൻ.ജി.യിലേക്ക് മാറിയിരുന്നു.

കാരണങ്ങളിവ

റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജവിപണിയിലെ പ്രതിസന്ധി, അന്താരാഷ്ട്രവിപണിയിലെ വിലവർധന, ഇന്ത്യൻ വിതരണക്കമ്പനികളുടെ വാങ്ങൽച്ചെലവ് തുടങ്ങിയവയാണ് വിലക്കയറ്റത്തിന് കാരണമായി കന്പനികൾ പറയുന്നത്.

പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകരിച്ച സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളാണ് ഓരോ മേഖലയിലെയും സി.എൻ.ജി. വില നിശ്ചയിക്കുന്നത്. അതിനാൽ സംസ്ഥാനത്തിനുള്ളിൽത്തന്നെ പല വിലകളാണ്.

വലിയ പ്രതിസന്ധി

സി.എൻ.ജി.ക്ക് വലിയതോതിൽ വില കൂടിയതിനാൽ വാഹന ഉടമകൾ പ്രതിസന്ധിയിലാണ്. ക്ഷമത ഡീസലിനെക്കാൾ പരമാവധി 10 ശതമാനമാണ്. ഡീസൽ വാഹനത്തെക്കാൾ 20 ശതമാനത്തിലേറെ പരിപാലനച്ചെലവുണ്ട്. വിലയിൽ ഏകീകരണവുമില്ല.

ബിബിൻ ആലപ്പാട്ട്, (പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!