തൃക്കരിപ്പൂര്‍ ഓവര്‍ബ്രിഡ്ജിന് പച്ചക്കൊടി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നു കരുതുന്ന മൂന്ന് റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ അധികൃതരുടെ പച്ചക്കൊടി.ഇതു സംബന്ധിച്ച് ആര്.ബി.ഡി കോര്പ്പറേഷന് നിര്‍ദ്ദേശം നല്‍കിയതായി ആര്.ബി.ഡി.സി ജനറല്‍ മാനേജര്‍ അബ്ദുള്‍ സലാമും പ്രൊജക്റ്റ് എന്‍ജിനീയര്‍ അനീഷും തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സത്താര്‍ വടക്കുമ്ബാടിനെ അറിയിച്ചു. നേരത്തെ കെ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തലപ്പാടി മുതല്‍ തിരുന്നാവായ വരെയുളള ഓവര്‍ബ്രിഡ്ജുകളുടെ തുടര്‍പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത് മൂലമാണ് ഉദിനൂര്‍, വെള്ളാപ്പ്, ബിരിച്ചേരി ഓവര്‍ബ്രിഡ്ജുകളുടെ ഫയല്‍ വര്‍ക്ക് നിലച്ചത്. റെയില്‍വേയുടെ ജനറല്‍ അലൈന്മെന്റ് ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് ലാന്‍ഡ് അക്വിസിഷന്‍ പ്രവൃത്തിയുടെ മാര്‍ക്കിംഗ് പരിപാടി നടത്തും. ബിരിച്ചേരി, വെള്ളാപ്പ് പാലങ്ങള്‍ ഒന്നാക്കാനുള്ള ഔദ്യോഗിക നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് സത്താര്‍ വടക്കുമ്ബാട് അറിയിച്ചു.

