വെള്ളം തന്നില്ലെങ്കിൽ യുദ്ധത്തിലേക്ക് നീങ്ങും: അണുവായുധ ഭീഷണിയുയര്‍ത്തി പാക് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി പാകിസ്താന് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നയതന്ത്ര നിലപാടുകള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നും ഖവാജ പറഞ്ഞു. സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അണുവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന് ഖവാജ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തും, ഖവാജ പറഞ്ഞു.
രണ്ട് അണുവായുധ ശക്തികള്‍ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടല്‍ തീര്‍ച്ചയായും ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാല്‍ അത് പൂര്‍ണതോതിലുള്ള യുദ്ധത്തിലേയ്ക്കാകും നീങ്ങുക. അത് ഏറെ ദുരന്തങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖവാജ പറഞ്ഞു. ഏതുരൂപത്തിലുള്ള തീവ്രവാദവും ശക്തമായി അപലപിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ, പ്രകോപന പരാമര്‍ശവുമായി പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറില്‍നിന്ന് ഇന്ത്യ പിന്മാറിയാല് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സിന്ധു നദിയിലെ ജലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വെള്ളം ലഭിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

