KSDLIVENEWS

Real news for everyone

അഫ്‌സലിന്റെ കൈ പടിച്ച്‌ കേരളത്തിന്റെ മരുമകളായി മൊറോക്കോക്കാരി ഷൈമ റാഷിദിയ; കൊല്ലത്ത് സഫലമായത് വര്‍ഷങ്ങള്‍ നീണ്ട ഇന്‍സ്റ്റഗ്രാം പ്രണയം

SHARE THIS ON

കൊല്ലം: കൊല്ലത്തുകാരൻ അഫ്‌സലിന്റെ കൈ പിടിച്ച്‌ കേരളത്തിന്റെ മരുമകളായി ഒരു മൊറോക്കൻ സുന്ദരി. കൊല്ലം പരവൂര്‍ കൂനയില്‍ സ്വദേശി അഫ്‌സല്‍ മുബാറകിന്റെ വധുവായാണ് മൊറോക്കൻ യുവതി ഷൈമ റാഷിദിയ കേരളത്തിലേക്കെത്തുന്നത്. നാളുകളായുള്ള ഇൻസ്റ്റഗ്രാം പ്രണയമാണ് വിവാഹത്തിന് വഴിമാറിയത്. ഇരുവരുടെയും നിക്കാഹ് ഷൈമയുടെ ബന്ധുക്കളുടെ അനുഗ്രഹത്തോടെ കഴിഞ്ഞ അഞ്ചാം തിയതി മൊറോക്കയില്‍ നടന്നു. ശേഷം ഇരുവരും നാട്ടിലെത്തി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്നലെ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. അഫ്‌സലിന്റെ കുടുംബവും ഷൈമയുടെ കുടുംബവും അടുപ്പക്കാരായിരുന്നു. കുവൈറ്റി അടുത്തടുത്ത വീടുകളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തന്റെ മാതാപിതാക്കള്‍ വഴിയാണ് ഇൻസ്റ്റഗ്രാമിലൂടെ അഫ്‌സല്‍ ഷൈമയെ പരിചയപ്പെടുന്നത്. സ്ലോവാക്യയില്‍ മെക്കാനിക്കല്‍ എൻജിനീയറാണ് പരവൂര്‍ കൂനയില്‍ കിഴക്കേപുലിക്കുളം താഴ്‌വര വീട്ടില്‍ അഫ്‌സല്‍ മുബാറക്. പിതാവ് ഇമാമുദ്ദീൻ മുബാറക് കുവൈത്തില്‍ പെയിന്റിങ് സൂപ്പര്‍വൈസറായിരുന്നു. മാതാവ് കോസ്മറ്റോളജിസ്റ്റും. കുവൈറ്റിലെ ഇവരുടെ താമസ സ്ഥലത്തിന് അടുത്തായി താമസിച്ചിരുന്നവരായിരാണ് ഷൈമയുടെ കുടുംബം. മൊറോക്കോയിലായിരുന്ന ഷൈമയും അഫ്‌സലിന്റെ മാതാപിതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളായിരുന്നു. ഈ സുഹൃത്ത് ബന്ധം വളര്‍ന്നതോടെ ഇൻസ്റ്റഗ്രാം വഴി സ്ലോവാക്യയിലുള്ള അഫ്‌സലും ഷൈമയും പരിചയപ്പെട്ടു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. തുടര്‍ന്നു സ്ലോവാക്യയില്‍ നിന്നു മൊറോക്കോയിലെത്തി അഫ്‌സല്‍ ഷൈമയേയും കുടുംബത്തെയും കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയും ഉള്‍പ്പെടുന്നതാണ് ഷൈമയുടെ കുടുംബം. ശേഷം നാട്ടില്‍ നിന്നു വിവാഹത്തിനുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം തയാറാക്കി അഫ്‌സല്‍ വീണ്ടും മൊറോക്കോയിലെത്തി ഷൈമയെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്നു ഈ കഴിഞ്ഞ 19ന് ഇരുവരും കേരളത്തിലെത്തി ബന്ധുക്കള്‍ക്കായി വിരുന്നു സല്‍ക്കാരം നടത്തി. ഇനി കേരളത്തില്‍ തന്നെ തുടരാനാണ് ഫാഷൻ ഡിസൈനിങ് പഠിച്ച ഷൈമയുടെ താല്‍പര്യം. അഫ്‌സല്‍ ഏറെ വൈകാതെ ജോലിസ്ഥലമായ സ്ലോവാക്യയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!