KSDLIVENEWS

Real news for everyone

സാമ്പത്തിക ഞെരുക്കം; കേന്ദ്രത്തിനെതിരേ കേരളം സുപ്രീംകോടതിയിലേക്ക്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തിന് പ്രതികൂലമായ കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതിനൽകി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചന. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പപ്പരിധി വെട്ടിക്കുറച്ചതും കടം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റംവരുത്തി മറ്റ് ഏജൻസികൾ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സർക്കാരിന്റെ കടമയായി കണക്കാക്കുന്നതുമാണ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നത്. കേന്ദ്രത്തിന് ബാധകമാകാത്ത നയങ്ങൾ സംസ്ഥാനത്തെ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. കേരളത്തിന്റെ വായ്പപ്പരിധി കൂട്ടാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിരുന്നു. നിയമനടപടിയുടെ സാധ്യതയെപ്പറ്റി മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം സർക്കാർ തേടിയിരുന്നു. അനുകൂലമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെയും ധനവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനെയും ചുമതലപ്പെടുത്തി. ഓണച്ചെലവിന് മുൻഗണന; ഡി.എ. കുടിശ്ശിക ഉടനെങ്ങും ഇല്ല നിയമനടപടിക്ക്‌ തീരുമാനിക്കുമ്പോൾത്തന്നെ സാമ്പത്തികപ്രതിസന്ധിക്ക് അടിയന്തരാശ്വാസം കാണാനുള്ള തിരക്കിട്ട ചർച്ചകളിലാണ് സർക്കാർ. കേന്ദ്രത്തിൽനിന്ന് വിവിധയിനങ്ങളിലെ കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് ഡൽഹിയിലെ സംസ്ഥാന പ്രതിനിധി കെ.വി. തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓണച്ചെലവിന് മുൻഗണന നൽകുന്നതിനാൽ സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ഡി.എ. ഭാഗികമായിപ്പോലും അടുത്തെങ്ങും കിട്ടാനിടയില്ല. ഡി.എ.യുടെ അഞ്ചു ഗഡുക്കളാണ് കുടിശ്ശിക. ഓണക്കാലത്ത് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേമപെൻഷന്റെ രണ്ടുഗഡുക്കളാണ് സാധാരണ ഉത്സവകാലങ്ങളിൽ നൽകുന്നത്. എന്നാൽ, ഇത്തവണ ഒരു മാസത്തെ പെൻഷനേ നൽകാനാവൂ എന്ന സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!