KSDLIVENEWS

Real news for everyone

കൂകിപ്പാഞ്ഞെത്തി പരശുറാം; തിക്കിത്തിരക്കി വൻ ആവേശത്തോടെ പരശ്ശുറാമിന് ചെറുവത്തൂരിൽ സ്വീകരണം

SHARE THIS ON



ചെറുവത്തൂർ; വെള്ളി രാവിലെ 6.31ന്‌ ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക്‌ പരശുറാം ചൂളംവിളിച്ചെത്തി നിർത്തിയതോടെ ആഘോഷത്തോടെ സ്വീകരിക്കാൻ ജനാവലി തിക്കിത്തിരക്കി. ട്രെയിൻ വരുന്നുവെന്ന അനൗൺസ്മെന്റ് വന്നതോടെ കയ്യിൽ പൂമാലയുമായി ജനക്കൂട്ടം പ്ലാറ്റ്‌ഫോമിൽ നിറഞ്ഞു. പരശുറാമിന്‌ സ്‌റ്റോപ്പ്‌ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന്‌ പരിഹാരമായതോടെ ട്രെയിന്‌ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌.
ചെറുവത്തൂർ റെയിൽവേ വികസനസമിതി, ജനാവലി, പാസഞ്ചേഴ്‌സ്‌ ഫോറം, റെയിൽവേ യൂസേഴ്‌സ്‌ ഫോറം, വിവിധ യുവജന സംഘടനകൾ, യാത്രക്കാർ എന്നിവരുടെ നിരന്തര ആവശ്യമായിരുന്നു ട്രെയിന്‌ സ്‌റ്റോപ്പ്‌ അനുവദിക്കുക എന്നത്‌. ആവശ്യം ഉന്നയിച്ച്‌ ഇടതുപക്ഷ സംഘടനകളും വികസനസമിതിയും നിരവധി സമരങ്ങളും സംഘടിപ്പിച്ചിരുന്നു. അന്നത്തെ എംപി പികരുണാകരൻ റെയിൽവേ അധികൃതർ, റെയിൽവേ മന്ത്രി എന്നിവർക്ക്‌ വിശദ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌റ്റോപ്പ്‌ തത്വത്തിൽ അംഗീകരിച്ചെങ്കിലും കോവിഡ്‌ വന്നതോടെ നീണ്ടുപോയി. ഒരാഴ്‌ച മുമ്പാണ്‌ സ്‌റ്റോപ്പ്‌ അനുവദിച്ചുള്ള ഉത്തരവുവന്നത്‌. വെള്ളി രാവിലെ ട്രെയിൻ എത്തിന്നതിനുമുമ്പുതന്നെ നൂറുകണക്കിനാളുകൾ സ്‌റ്റേഷനിലെത്തി. മധുരപലഹാര വിതരണവുമുണ്ടായി. സ്വീകരണം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള, ടി പി കുഞബ്ദുള്ള, കൊക്കോട്ട് നാരായണൻ, കൂത്തൂർ കണ്ണൻ, ടി നാരാണൻ, പി പത്മിനി, മുകേഷ് ബാലകൃഷ്ണൻ, രാമചന്ദ്രൻ തുരുത്തി, പി വി കൃഷ്ണൻ, ടി രാജൻ, അജയകുമാർ കരിവെള്ളൂർ, കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!