KSDLIVENEWS

Real news for everyone

ജനശതാബ്‌ദി ട്രെയിന്‍ മോഡലില്‍ കെഎസ്‌ആര്‍ടിസി; എന്‍ഡ്‌ ടു എന്‍ഡ്‌ ലോ ഫ്ലോര്‍ ബസ്‌ സര്‍വീസ്‌ തുടങ്ങി

SHARE THIS ON

കൊച്ചി> കെഎസ്‌ആര്‍ടിസി എന്‍ഡ് ടു എന്‍ഡ് ലോ ഫ്ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. തിങ്കള്‍ രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 9.40ന് എറണാകുളത്ത് എത്തി. വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ എല്ലാ സീറ്റുകളും ബുക്കിങ്ങായിരുന്നു. മടക്കയാത്രയില്‍ ആളുകള്‍ കുറവായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

ഡ്രൈവര്‍മാത്രമുള്ള ബസിന് തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. തിരുവനന്തപുരം ഡിപ്പോയിലെ എം എസ് അജിത്കുമാറായിരുന്നു ആദ്യദിവസത്തെ കണ്ടക്ടര്‍ കം ഡ്രൈവര്‍. കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി എന്നിവിടങ്ങളില് ഒരു മിനിറ്റുവീതം നിര്‍ത്തുന്ന ഫീഡര്‍ സ്റ്റോപ്പുകളുണ്ട്. ഇവിടെ ഇറങ്ങുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ ബസുകള്‍ ലഭിക്കും. ഫീഡര്‍ സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ആകുമെങ്കിലും മുഴുവന്‍ ചാര്‍ജുതന്നെ നല്‍കേണ്ടിവരും.
ഓണ്‍ലൈന്‍വഴിയാണ് സീറ്റ് ബുക്കിങ്. 419 രൂപയാണ് നിരക്ക്. രണ്ട് ഫെയര്‍ സ്റ്റേജുകള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്‌ആര്‍ടിസി ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ നിരക്കില്‍ വ്യത്യാസമുണ്ടാകും.

പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച്‌ ആധുനികസൗകര്യമുള്ള ബസുകള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്‌ആര്‍ടിസി ആലോചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!