മോഫിയാ പര്വ്വീണിന്റെ ആത്മഹത്യ; കേസന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയാ പര്വ്വീണിന്റെ (Mofiya Parveen) ആത്മഹത്യ (Suicide) കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് (Crime Branch) അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് (DYSP Rajeevan) അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എല്‍ സുധീര്‍ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍. സിഐ സുധീര്‍ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്.
ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്‍റെയും മാതാപിതാക്കളുടെയും പീഡനത്തിനെതിരെ ഒക്ടോബര്‍ 29 ന് മോഫിയ പര്‍വീണ്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണെന്നാണ് ഡിഐജി നീരജ് കുമാര്‍ ഗുപ്ത നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.
ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി ഒക്ടോബര്‍ 29ന് തുടര്‍ നപടികള്‍ക്കായി ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിന് കൈമാറി. സുധീര്‍ കേസിലെ തുടര്‍ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ മേല്‍നോട്ടം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ
ഇക്കാര്യത്തില്‍ സിഐ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എല്‍പ്പിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവില്‍ നവംബര്‍ 18 ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് പരീക്ഷയുണ്ടെന്ന് അറിയിച്ച പറഞ്ഞ് മോഫിയ ഹാജരായില്ല.
ആത്മഹത്യ നടന്ന ദിവസം പൊസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്കിടെ സിഐയുടെ മുറിയില്‍വെച്ച് സുഹൈല്‍ അപമര്യാദയായി സംസാരിച്ചതില്‍ പ്രകോപിതയായി മോഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. സിഐ ഈ ഘട്ടത്തില്‍ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സിഐ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ആരോപണമാണ് അമ്മ പ്യാരി ഉന്നയിച്ചത്. ഡിഐജിയുടെ റിപ്പോര്‍ട്ട് തുടര്‍ നപടികള്‍ക്കായി ഡിജിപിയ്ക്ക് കൈമാറിയിരിക്കുകയാണ്.

