ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിന് തുടക്കം

പള്ളിക്കര∙ ബേക്കൽ ബീച്ച് പാർക്കിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവലിനു കടലോളം ആവേശത്തിൽ തുടക്കമായി. കാസർകോടിന്റെ രുചി വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ, ബീച്ച് സ്പോർട്സ്, എക്സിബിഷനുകൾ, ടൂർ പ്രോഗ്രാമുകൾ എന്നിവയ്ക്കൊപ്പം സാംസ്കാരിക മേളകളും നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ നേതൃത്വത്തിലാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി 7ന് രാജ് കലേഷും സംഘവും നിർമൽ പാലാഴിയും അവതരിപ്പിക്കുന്ന കലാവിരുന്നും മറ്റു കലാപരിപാടികളും നടക്കും. ജനുവരി 2ന് ബീച്ച് ഫെസ്റ്റ് സമാപിക്കും.
കേരളത്തിലേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സാഹചര്യം: പിണറായി
വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാക്കുന്നതും നാടിന്റെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതുമാണ് ടൂറിസം മേഖലയിൽ നടത്തുന്ന ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബേക്കൽ രാജ്യാന്തര ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കൂട്ടായ്മകളൊക്കെ അന്യമായ രണ്ട് വർഷക്കാലമാണ് കടന്നു പോയത്. ഇപ്പോൾ അത്തരം കൂട്ടായ്മകളൊക്കെയും തിരിച്ചെത്തി. വിനോദ സഞ്ചാരികളെയും ചരിത്ര വിദ്യാർഥികളെയും ഏറെ സ്വാധീനിക്കുന്ന സ്ഥലമാണ് ബേക്കൽ.
വിനോദ സഞ്ചാര മേഖലയെയാണ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കൂടുതൽ പ്രതികൂലമായി ബാധിച്ചത്. സഞ്ചാരികളുടെ വരവ് നിശ്ചലമായി. എന്നാൽ അവയെല്ലാം തരണം ചെയ്തു ടൂറിസം രംഗം മുന്നോട്ട് പോകുകയാണ്. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കൂടുതലായി കേരളത്തിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പകരുന്ന ഊർജം വലുതാണ്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ എടുക്കുന്ന സമയം പ്രധാന പ്രശ്നമാണ്. ദേശീയപാത ഇപ്പോൾ വികസിക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനം വർധിക്കുന്നതോടെ യാത്രാ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെങ്കിലും കൂടുതൽ വിമാന സർവീസുകൾ കൂടി വരേണ്ടിയിരിക്കുന്നു. അതേ സമയം കോവിഡിന് ശേഷം വിമാനയാത്ര നിരക്ക് ഗണ്യമായി വർധിപ്പിച്ചത് സാധാരണക്കാരായ സഞ്ചാരികളുടെ വരവിനെ പ്രയാസം സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.കാരവാൻ ടൂറിസം, നൈറ്റ് ലൈഫ് ടൂറിസം, പൈതൃക സർക്യൂട്ട് എന്നിവ തുടങ്ങാനായത് വിനോദ സഞ്ചാര മേഖലിൽ പുത്തനുണർവ് ഉണ്ടാക്കിയിട്ടുണ്ട്. നാടിന്റെ സമാധാനവും ശാന്തിയും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.
ഇതുപോലുള്ള ഒരുമയുടെ ഉത്സവങ്ങൾ വിനോദസഞ്ചാരികളെ കൂടുതൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ സഹായകമാകും. ബേക്കൽ ബീച്ച് ഫെസ്റ്റ് പോലുള്ള ഒരുമയുടെ കൂട്ടായ്മകൾ മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ബേക്കൽ ആർട് പ്രോജക്ടിന്റെ ഭാഗമായി ബിആർഡിസി, സംസ്ഥാന സാംസ്കാരിക വകുപ്പ്, കേരള ലളിത കലാ അക്കാദമി എന്നിവ ചേർന്ന് തയാറാക്കിയ ചിത്ര മതിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
റോബോട്ടിക് ഷോ മന്ത്രി അഹമ്മദ് ദേവർകോവിലും അക്വാട്ടിക് ഷോ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഉദ്ഘാടനം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഹസൻ കുഞ്ഞി, എഡിഎം എ.കെ.രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മണികണ്ഠൻ, സി.എ.സൈമ, സിജി മാത്യു, ബിആർഡിസി മാനേജിങ് ഡയറക്ടർ പി.ഷിജിൻ, മാനേജർ യു.എസ്.പ്രസാദ്, കെ.വി.കുഞ്ഞിരാമൻ, കെ.കുഞ്ഞിരാമൻ, കെ.പി.കുഞ്ഞിക്കണ്ണൻ, എം.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

