ടാറ്റാ കോവിഡ് ആശുപത്രിയിൽ ചോർച്ച; അറ്റകുറ്റപ്പണി നടത്തേണ്ടത് ജില്ലാ ഭരണകൂടം

കാഞ്ഞങ്ങാട് ∙ ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിലെ കണ്ടെയ്നറുകളിൽ വ്യാപക ചോർച്ച. മഴയിൽ സീലിങ് വഴിയും ജനൽ വഴിയുമാണ് വെള്ളം ആശുപത്രിക്ക് അകത്ത് എത്തുന്നത്. കാറ്റടിച്ചാൽ വാതിലിൽ വഴിയും വെള്ളം ആശുപത്രിക്ക് അകത്തെത്തുന്നു. മഴ പെയ്യുമ്പോൾ അകത്തെത്തുന്ന വെള്ളം കോരി വൃത്തിയാക്കുകയാണ് ഇവിടത്തെ ശുചീകരണ തൊഴിലാളികളുടെ ജോലി. 125 കണ്ടയ്നറുകളാണ് ഇവിടെ ഉള്ളത്. ഇതിൽ 40 കണ്ടെയ്നറുകളിൽ ഇപ്പോൾ കോവിഡ് പോസിറ്റീവായ ആളുകൾ ചികിത്സയിലുണ്ട്.
12 കണ്ടയ്നറുകളിലാണ് ഐസിയു പ്രവർത്തിക്കുന്നത്. ഭൂരിഭാഗം കണ്ടയ്നറുകളും ചോർന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയാണ് വെള്ളം ഒലിച്ച് ഇറങ്ങുന്നത്. ഇത് ഷോർട് സർക്യൂട്ടിന് വരെ കാരണമാകാമെന്ന ഭയം അധികൃതർക്കുണ്ട്. വെള്ളം കയറിയാൽ പോലും ഐസിയുവിലെ ഒരു സ്വിച്ച് പോലും ഓഫ് ചെയ്യാൻ കഴിയില്ല.
ആദ്യ മഴയിൽ തന്നെ ചോർച്ചയുണ്ടായിരുന്നു. ഇത് ടാറ്റാ അധികൃതർ എത്തി അറ്റകുറ്റപ്പണി നടത്തി. എന്നാൽ കഴിഞ്ഞ മഴയിൽ വ്യാപക ചോർച്ച കണ്ടത്തുകയായിരുന്നു. കാലവർഷം കനത്ത് ചോർച്ച കൂടിയാൽ ടാറ്റാ ആശുപത്രിയിൽ ചികിത്സിക്കാൻ കഴിയാതെ വരും. അങ്ങനെ വന്നാൽ ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവയിൽ ഏതെങ്കിലും ഒരു ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റേണ്ടി വരും.
ഇത് മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടി വരുന്നവർക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് മഴക്കാല രോഗങ്ങൾ വ്യാപകമാകുന്ന ഘട്ടത്തിൽ. ജില്ലയിൽ കോവിഡ് ചികിത്സയിൽ ഏറെ ആശ്വാസ പകരുന്നത് ടാറ്റാ ആശുപത്രിയാണ്. സി കാറ്റഗറിയിൽ പെട്ടവരെയാണ് ഇവിടെ ചികിത്സിക്കുന്നത്. ആശുപത്രിയിലെ ചോർച്ച സംബന്ധിച്ച് കലക്ടർക്ക് ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.

