KSDLIVENEWS

Real news for everyone

ബിപി ഉയർന്ന നിലയിൽ, മദനിക്ക് ശാരീരിക അസ്വസ്ഥതകൾ തുടരുന്നു; അൻവാർശേരിയിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

SHARE THIS ON

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്.  മദനിക്ക് ബിപി കുറഞ്ഞിട്ടില്ല. ഇന്നലത്തെ അതെ നിലയിൽ ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് ‌പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല മദനി. രാവിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. ബിപി ഉയർന്ന നിലയിൽ തുടരുകയാണെന്നും വിഎം അലിയാർ പറഞ്ഞു.  ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!