ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങും

കാസർകോട് : ജില്ലാപഞ്ചായത്ത് അംഗീകരിച്ച വാർഷികപദ്ധതികളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. വാർഷികപദ്ധതികളിൽ അന്തിമാനുമതി കിട്ടാൻ ബാക്കിയുള്ള പദ്ധതികൾക്ക് അവ നേടിയെടുക്കാൻ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർക്ക് ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗം നിർദേശം നൽകി. വിശദവിവര റിപ്പോർട്ട് (ഡി.പി.ആർ.) ആവശ്യമായ പദ്ധതികൾക്ക് അംഗീകൃത ഏജൻസി വഴി ഡി.പി.ആർ. തയ്യാറാക്കാൻ നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുടെ യോഗം വിളിച്ചുചേർക്കും. ഇതിനായി ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരെയും നവകേരളം കർമപദ്ധതി ജില്ലാതല കോ ഓർഡിനേറ്റർ കെ.ബാലകൃഷ്ണനെയും ചുമതലപ്പെടുത്തി. പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ അംഗീകൃത ഏജൻസികളെ ആശ്രയിക്കാനും ഇതിനായി ഏജൻസികൾക്ക് കത്തയക്കാനും തീരുമാനിച്ചു.
ജില്ലയിൽ ആരോഗ്യമേഖലയിൽ മരുന്നുകൾ ലഭ്യമാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമായ മേഖലകളിൽ ഉടൻ ആരംഭിക്കും. റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് അടങ്കൽ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. വാർഷികപദ്ധതി പ്രവർത്തനങ്ങൾ സെപ്റ്റംബർ 15-ഓടെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് യോഗം നിർദേശം നൽകി.

