ജാര്‍ഖണ്ഡില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ഹേമന്ത് സോറന്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ ഭരണകക്ഷി എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേയും ആര്‍.ജെ.ഡിയുടേയും എം.എല്‍.എമാരെയാണ് മാറ്റിയത്. ബി.ജെ.പിയുടെ അട്ടിമറി നീക്കം മുന്‍കൂട്ടി കണ്ടാണ് നീക്കം.
തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 30 കി.മീ അകലെയുള്ള ഖുന്തിയിലേക്കാണ് രണ്ട് വോള്‍വോ ബസുകളിലായി എം.എല്‍.എമാരെ കൊണ്ടുപോയത്. 43 എം.എല്‍.എമാരെയാണ് മാറ്റിയത്.
നേരത്തെ ഛത്തീസ്ഗഢിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും പിന്നീട് സംസ്ഥാനത്തിന് അകത്തു തന്നെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ എം.എല്‍.എമാരെ പെട്ടെന്നുതന്നെ മടക്കിയെത്തിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.
ഹേമന്ത് സോറന്റെ വസതിയില്‍ രാവിലെ 11ന് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലഗേജുകളുമായാണ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും കുതിരക്കച്ചവടത്തിന് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാര്‍ഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സോറന്റെ തീരുമാനം.
പല എം.എല്‍.എമാരെയും ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന് സോറനടങ്ങുന്ന ഭരണപക്ഷ നേതാക്കള്‍ കരുതുന്നു. ഇതിനു തടയിടാനാണ് മഹാസഖ്യത്തിന്റെ ഇത്തരമൊരു തീരുമാനം. ഇന്നലെയും ഇന്നുമായി മൂന്ന് യോഗങ്ങളാണ് സോറന്‍ വിളിച്ചുചേര്‍ത്തത്.
അതേസമയം, എം.എല്‍.എ സ്ഥാനത്തു നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയെങ്കിലും നിലവില്‍ ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഗവര്‍ണറില്‍ നിന്നുണ്ടായിട്ടില്ല. അതുണ്ടായാല്‍ നിയമനടപടികളടക്കമുള്ള തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് മഹാസഖ്യം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 8.30ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്.

