പകർച്ചവ്യാധികൾകൂടി: ജില്ലാ ആസ്പത്രിയിൽ തിരക്കേറുന്നു

കാഞ്ഞങ്ങാട് : പനിയും പകർച്ചവ്യാധികളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തിരക്കേറി. പ്രതിദിനം ശരാശരി ആയിരത്തിലേറെപ്പേരാണ് ഇവിടെയെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള സമയം കണക്കാക്കി ടോക്കൺ നിയന്ത്രണമുള്ളതിനാൽ ഒ.പി. കൗണ്ടർ തുറക്കുന്നതിന് മുൻപേ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ തിരക്കേറും. തിങ്കളാഴ്ച രോഗികളുടെ നിര കൗണ്ടറിന് വെളിയിലേക്കും നീണ്ടു. ഉച്ചവരെ 1,134 പേരാണ് വിവിധ ഒ.പി.കളിൽ ചികിത്സ തേടിയത്. ആസ്പത്രിയിലെത്തുന്ന പനിബാധിതരുടെ എണ്ണവും പെരുകുകയാണ്. ഇതും തിരക്കിന് കാരണമാകുന്നു. സ്പെഷ്യലിസ്റ്റ് ഒ.പി.കളിൽ ദിവസവും നിശ്ചിത എണ്ണം ടോക്കൺ മാത്രമാണ് അനുവദിക്കുന്നത്. വരിയിൽ ആദ്യം സ്ഥാനം പിടിക്കുന്നവർക്ക് മാത്രമേ ടോക്കൺ ലഭിക്കൂ.

