100 കോടി ഭക്ഷണ പദ്ധതി; 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) നല്കി എം എ യൂസുഫലി

അബൂദബി | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്. മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യു എ ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്കുന്ന ഈ പദ്ധതി ലോകത്തിനു യു എ ഇ നല്കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം പ്രതികരിച്ചു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് യു എ ഇ. അര്‍ഹരായവരെ പിന്തുണക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

