കേരളം ഒപ്പമുണ്ട്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. മുന്നോട്ടുള്ള യാത്രയിൽ കേരളം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് രാമചന്ദ്രന്റെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. രാമചന്ദ്രന്റെ ഭാര്യ ഷീല, മകൾ ആരതി, മകൻ അരവിന്ദ്, മരുമക്കളായ ശരത്, വിനീത എന്നിവരെയും കൊച്ചുമക്കളായ ദ്രുപദിനേയും, കേദാറിനേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കെ.കെ.ശൈലജ എംഎൽഎയും ഇന്ന് രാമചന്ദ്രന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാമചന്ദ്രന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് പരാജയപ്പെടുത്തണമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല പറഞ്ഞു.