KSDLIVENEWS

Real news for everyone

നിലമ്പൂരിൽ സ്ഥാനാർഥിയാകാൻ വലവീശി ബിജെപി, ചർച്ച: പിന്നാലെ ബീന ജോസഫിനെ വിളിപ്പിച്ച് സതീശൻ

SHARE THIS ON

മലപ്പുറം: നിലമ്പൂരില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വതന്ത്രര്‍ക്കായി വലവീശിയിരിക്കുകയാണ് ബിജെപി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാന്‍ വിമുഖത കാണിച്ചതോടെ മറ്റു പാര്‍ട്ടികളിലെ നേതാക്കളിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എം.ടി.രമേശ് ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തുവെന്നാണ് വിവരം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം.ടി.രമേശ് ചര്‍ച്ച നടത്തിയിരുന്നുവെന്ന് അഡ്വ.ബീന ജോസഫ് ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മറ്റൊരാള്‍ക്കൊപ്പമാണ് എം.ടി.രമേശ് വന്നത്. സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.

നിലമ്പൂരില്‍ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ പാര്‍ട്ടി നടത്തിവരുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് വനിതാ നേതാവിനെ തന്നെ ബിജെപി നേതാക്കള്‍ സമീപിച്ചത്. നിലമ്പൂരില്‍ മത്സരിക്കാന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് ബീന ജോസഫ്.

എന്നാല്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും ബീന വ്യക്തമാക്കി. ‘എം.ടി.രമേശ് വന്നു ചര്‍ച്ച നടത്തി എന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞതും ചര്‍ച്ച ചെയതതുമായി കാര്യങ്ങള്‍ പൂര്‍ണ്ണമായും പരസ്യപ്പെടുത്തുന്നത് ശരിയല്ല. നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. ബിജെപിക്കായി മത്സരിക്കാനില്ല. രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. മഞ്ചേരി നഗരസഭയില്‍ ബിജെപിയെ ആണ് മത്സരിച്ച് പരാജയപ്പെടുത്തിയത്. ജനപ്രതിനിധിയാകാന്‍ സാധിക്കുമെന്ന് ജനങ്ങള്‍ ബോധ്യമുള്ളത് കൊണ്ടാണ് മൂന്ന് തവണ തിരഞ്ഞെടുത്തത്’ ബീന പ്രതികരിച്ചു.

സ്ഥാനാര്‍ഥി വിഷയത്തില്‍ ബി.ജെ.പിയുമായി ചര്‍ച്ചയ്ക്ക് പോകില്ല. അവര്‍ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹിക്കുന്നത്. നിലമ്പൂരില്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്നും ബീന കൂട്ടിച്ചേര്‍ത്തു.l

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!