KSDLIVENEWS

Real news for everyone

കനകക്കുന്ന് മോഡലില്‍ കോഴിക്കോടും; ടൂറിസ്റ്റ് സിറ്റിയാക്കും, രാത്രിക്കാഴ്ചകള്‍ മനോഹരമാക്കും

SHARE THIS ON

കോഴിക്കോട്: തളി പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ടൂറിസം വകുപ്പ് 1.40 കോടി രൂപ അനുവദിച്ചു. ചരിത്രപ്രാധാന്യമുള്ള തളിക്ഷേത്രം വികസനത്തിനായി പൈതൃക പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തളി ക്ഷേത്രക്കുളത്തിന്റെ നവീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുളത്തിന് നടുവില്‍ വാട്ടര്‍ ഫണ്ടെയ്ന്‍ സ്ഥാപിക്കും. 1.25 കോടി രൂപയുടെ വികസന പദ്ധതികള്‍ തളി പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ നടപ്പാക്കിയിരുന്നു. കുളം നവീകരണം, സംരക്ഷണ ഭിത്തി, കുളപ്പുരകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാംഘട്ട പദ്ധതി. കോഴിക്കോടിനെ ടൂറിസ്റ്റ് സിറ്റിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി നഗരം ദീപാലംകൃതമാക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളാണ് ദീപാലംകൃതമാക്കുക. കുട്ടികളുടെ പാര്‍ക്കുകളും പാലങ്ങളും നവീകരിക്കുകയും ചെയ്യും. കോഴിക്കോട് നഗരം രാത്രിയും സജീവമായി തുടങ്ങിയതിനാല്‍ നൈറ്റ് ലൈഫ് ആകര്‍ഷകമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. തിരുവനന്തപുരം കനകക്കുന്ന് കേന്ദ്രീകരിച്ച് തുടങ്ങുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉടന്‍ കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!