KSDLIVENEWS

Real news for everyone

മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി, പ്രതിഷേധവുമായി യാത്രക്കാര്‍

SHARE THIS ON

കോഴിക്കോട്: ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലിറക്കി. ഇന്നു രാവിലെയാണ് സംഭവം. 182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്നിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമായില്ല. ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച്‌ വനിതാ യാത്രക്കാര്‍ അടക്കമുളളവര്‍ ബഹളം വച്ചു. കോഴിക്കോടെത്താന്‍ പകരം സംവിധാനം ഒരുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 9 മണിയോടെ യാത്രക്കാരെ നെടുമ്ബാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.

സ്വകാര്യ വിമാന കമ്ബനിയായി സ്പൈസ് ജെറ്റിനെതിരെ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്ബത് ശതമാനം സര്‍വീസുകള്‍ മാത്രമേ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിര്‍‍ദേശം. തുടര്‍ച്ചയായി സാങ്കേതിക പ്രശ്നങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയില്‍, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുന്‍കരുതലുകളും മെയിന്റനന്‍സും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍ നടപടികള്‍ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏതെങ്കിലും വിമാന കമ്ബനിക്കെതിരെ അടുത്ത കാലത്തുണ്ടാകുന്ന ശക്തമായ നടപടിയാണ് ഇത്. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തവണ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ അപകടങ്ങളുടെ വക്കിലെത്തുകയോ സാങ്കേതിക തകരാറിന് ഇരയാകുകയോ ചെയ്തിരുന്നു. സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, സ്പൈസ് ജെറ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് സ്പൈസ് ജെറ്റ് നല്‍കിയ മറുപടി കൂടി കണക്കിലെടുത്താണ് ഡിജിസിഎ വിമാന സര്‍വീസ് വെട്ടിക്കുറച്ചത്. സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളില്‍ ഈ മാസം 9നും 13നും ഇടയില്‍ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡിജിസിഎ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!