തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് വിദ്യാർഥികളും അധ്യാപകരും

പെരിയാട്ടടുക്കം ∙ ‘ക്ലാസ് മുറികളിലും പരീക്ഷാഹാളിലും വരെ തെരുവുനായ്ക്കളുടെ ശല്യമാണ്. നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിൽ സൂക്ഷിക്കുന്ന മഴക്കോട്ട് വരെ കടിച്ചു കീറി നശിപ്പിക്കുന്നു. കോളജ് കെട്ടിടങ്ങളിലെ വരാന്തകളിലാണ് ഇവയുടെ അന്തിയുറക്കം. നായ്ക്കൂട്ടങ്ങളുടെ ആക്രമണം ഭയന്ന് കോളജിൽ വരാൻ തന്നെ പേടിയാകുന്നു.’ പെരിയാട്ടടുക്കം പള്ളാരത്ത് പ്രവർത്തിക്കുന്ന ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതിയാണിത്. കോളജ് ക്യാംപസിലെ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ അധ്യയന വർഷം കോളജിലെ വിദ്യാർഥിയെ തെരുവുനായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ക്യാംപസിലെ നായശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് അധികൃതർക്കും കോളജ് നിവേദനം നൽകിയിരുന്നു. എന്നാൽ അനുകൂല നടപടിയുണ്ടായില്ല. അധ്യയനത്തെ തന്നെ സാരമായി ബാധിക്കുന്ന രീതിയിലേക്ക് കോളജിലെ തെരുവ്നായ ശല്യം രൂക്ഷമാകുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി.

