ജില്ലയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 5 സ്ഥാപനങ്ങൾക്ക് പിഴ

നീലേശ്വരം ∙ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദേശാനുസരണം നീലേശ്വരം, ചെറുവത്തൂർ, ചീമേനി, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അൻപതോളം ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഭക്ഷ്യസുരക്ഷാ സർക്കിളുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നീലേശ്വരം എഎഫ്സി റസ്റ്ററന്റ്, ചീമേനി എം.എച്ച്.റസ്റ്ററന്റ് കാലിക്കടവ് നൂറാണി റസ്റ്ററന്റ്, തൃക്കരിപ്പൂർ അൽ ബേക്ക് റസ്റ്ററന്റ്, കാഞ്ഞങ്ങാട് ന്യൂകേരള റസ്റ്ററന്റ് എന്നിവിടങ്ങളിൽ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. മിക്ക ഹോട്ടലുകളിലും മാംസവും മറ്റും സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനമായി കാണപ്പെട്ടതായും പറഞ്ഞു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. കുറ്റം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർമാരായ അനൂപ് ജോസഫ്, ഡോ.ബിനു ഗോപാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരായ അഭി, സുമേഷ്, രാജു, ജലജ, രാഹുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

