അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; അവശനിലയിലായ നൗഷാദ് പിറ്റേദിവസം സ്ഥലംവിട്ടു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ നൗഷാദിനെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മർദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. കാണാതാകുന്നതിന് മുൻപ് വാടക വീട്ടിൽ വച്ച് നൗഷാദിനെ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. അവശനിലയിലായ നൗഷാദിനെ അവർ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനു മൊഴി നൽകിയത്. എന്നാൽ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഭാര്യയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് നൗഷാദ് വ്യക്തമാക്കി. മർദനത്തിൽ പരാതിയില്ലെന്നും മക്കളെ തിരികെ വേണമെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നൽകിയ മൊഴി. അഫ്സനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.

