75% മാർക്ക് കിട്ടിയാലും പരാജയപ്പെടാം?; യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് പുതിയ കടമ്പകൾ, ചെറിയ പിഴവിനും വലിയ തിരിച്ചടി

ദുബായ്: യുഎഇയിൽ ഡ്രൈവിങ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് സ്വന്തമാക്കിയാലും ഇനി ഡ്രൈവിങ് ലൈസൻസ് ഉറപ്പാക്കാനാകില്ല. ഡ്രൈവിങ് പരീക്ഷയിൽ ഗുരുതരമായ പിഴവുകൾ വരുത്തുകയോ അപകടസാധ്യത സൃഷ്ടിക്കുകയോ ചെയ്താൽ 75% മാർക്ക് ഉണ്ടെങ്കിലും പഠിതാവിനെ പരാജയപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഫെഡറൽ ഗതാഗത നിയമം പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്നു മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്.
2024ലെ 14-ാം നമ്പർ ഫെഡറൽ ഉത്തരവിന്റെ എക്സിക്യൂട്ടീവ് നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കാബിനറ്റ് തീരുമാനം 174 (2026) ഒക്ടോബർ 6നാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. തിയറി, പ്രാക്ടിക്കൽ പരീക്ഷകളുടെ ഘടനയിലും നിബന്ധനകളിലും വ്യക്തമായ മാറ്റങ്ങളാണ് ഇതിലൂടെ വരുന്നത്.
പരാജയപ്പെടാൻ സാധ്യതയുള്ള പ്രധാന പിഴവുകൾ
∙നിയമത്തിലെ ആർട്ടിക്കിൾ 68 അനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷയിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചാലും അപകടകരമായ സാഹചര്യങ്ങൾ ഉണ്ടായാൽ ഉദ്യോഗാർഥി പരാജയപ്പെടും.
∙ ബാരിക്കേഡുകളിൽ തട്ടൽ: വാഹനം അല്ലെങ്കിൽ ചക്രങ്ങൾ റോഡിലെ ബാരിക്കേഡുകളിലോ അതിർത്തികളിലോ തട്ടുന്നത്.
∙സ്റ്റാർട്ടിങ്ങിലെ നിയന്ത്രണക്കേട്: വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ പഠിതാവിന് നിയന്ത്രണം നഷ്ടമായി വാഹനം മുന്നോട്ടോ പിന്നോട്ടോ നീങ്ങുന്നത്.
∙ ഗിയർ മാറുമ്പോഴുള്ള പിഴവുകൾ: ഗിയറുകൾ കൃത്യമായി മാറ്റാൻ സാധിക്കാതെ വരുന്നത്.
∙അപാകതയുള്ള പാർക്കിങ്: നിർദിഷ്ട പാർക്കിങ് സ്ഥലത്ത് വാഹനം ശരിയായി നിർത്താൻ സാധിക്കാതെ വരുന്നത്.
∙ഗതാഗത നിയമ ലംഘനം: ട്രാഫിക് സിഗ്നലുകളും ബോർഡുകളും അവഗണിക്കുന്നത്.
ഇരുചക്ര വാഹന പരിശോധന
ബൈക്ക് ഡ്രൈവിങ് ടെസ്റ്റിനിടെ പഠിതാവിന്റെ കാൽ നിലത്ത് കുത്തുന്നത്. പരീക്ഷയ്ക്കിടെ അപകടകരമായ സാഹചര്യം ഒഴിവാക്കാൻ എക്സാമിനർ വാക്കാൽ നിർദേശം നൽകേണ്ടി വരികയോ വാഹനം നേരിട്ട് നിയന്ത്രിക്കേണ്ടി വരികയോ ചെയ്താൽ മാർക്ക് എത്രയുണ്ടെങ്കിലും പരാജയപ്പെടുത്തും.
ടെസ്റ്റിൽ പരിശോധിക്കുന്ന പ്രധാന നൈപുണ്യങ്ങൾ
തിയറി പരീക്ഷയിൽ 100ൽ 75 മാർക്ക് നേടി വിജയിക്കുന്നവർക്കാണ് പ്രാക്ടിക്കൽ ടെസ്റ്റിന് അവസരം ലഭിക്കുക. ഡ്രൈവിങ് ടെസ്റ്റിൽ എൻജിൻ സ്റ്റാർട്ട് ചെയ്യാനും വാഹനം നിയന്ത്രിക്കാനുമുള്ള ശേഷി, കയറ്റങ്ങളിലും ചരിവുകളിലും വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കൽ, ഗിയറുകൾ മാറ്റി സാധാരണ നിലയിലും അടിയന്തര സാഹചര്യത്തിലും വാഹനം സുരക്ഷിതമായി നിർത്തൽ, പാരലൽ പാർക്കിങ്, വാഹനങ്ങൾക്കിടയിലുള്ള പാർക്കിങ്, ലേൻ മാറുന്നത്, തിരിയുന്നത്, ഇൻഡിക്കേറ്ററുകളുടെ കൃത്യമായ ഉപയോഗം, ജങ്ഷനുകളിലൂടെയും റൗണ്ട് എബൗട്ടുകളിലൂടെയുമുള്ള യാത്ര, മുമ്പോട്ടുള്ള വാഹനങ്ങളെ സുരക്ഷിതമായി ഓവർടേക്ക് ചെയ്യലും നിശ്ചിത അകലം പാലിക്കലും, കണ്ണാടികളും പാർക്കിങ് ബ്രേക്കുകളും ശരിയായി ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പ്രധാനമായും വിലയിരുത്തും.
രുതരമായ പിഴവുകൾ വരുത്തുകയോ അപകടസാധ്യത സൃഷ്ടിക്കുകയോ ചെയ്താൽ 75% മാർക്ക് ഉണ്ടെങ്കിലും പഠിതാവിനെ പരാജയപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഫെഡറൽ ഗതാഗത നിയമം പ്രഖ്യാപിച്ചു. ചിത്രത്തിന് കടപ്പാട്: ആർടിഎ
പരാജയപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും ടെസ്റ്റിന് അപേക്ഷിക്കാം. ഇവർക്കുള്ള കാത്തിരിപ്പ് കാലാവധിയും അടുത്ത പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങളും അതത് എമിറേറ്റുകളിലെ ലൈസൻസിങ് അതോറിറ്റികൾ തീരുമാനിക്കും. 2027 ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കും.

