സംവരണം റദ്ദാക്കല്‍: കര്‍ണാടകയില്‍ സമരവുമായി മുസ്‌ലിം സംഘടനകള്‍

ബംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന നാലുശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയതിനെതിരെ മുസ്‌ലിം സംഘടനകള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. കൊപ്പാള്‍, ബീദര്‍, കലബുറഗി, മൈസൂരു എന്നിവിടങ്ങളിലും പ്രതിഷേധപരിപാടികള്‍ നടന്നു.
നാലുശതമാനം സംവരണം ഒഴിവാക്കി മുസ്‌ലിം വിഭാഗത്തെ പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗര്‍ക്കും വീതിച്ചുനല്‍കും.
സംവരണം ഉയര്‍ത്തണമെന്ന ഇരുവിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിയാണ് ബി.ജെ.പി നീക്കം. കുടുംബവരുമാനം അടിസ്ഥാനമാക്കിയുള്ള ഇ.ഡബ്ല്യു.എസില്‍ ഉള്‍പ്പെട്ടതോടെ ബ്രാഹ്മണര്‍, വ്യാസ, ജെയിന്‍ തുടങ്ങിയവരോടൊപ്പം മുസ്ലിംകള്‍ മത്സരിക്കേണ്ട അവസ്ഥയാണ്.
മത്സരപരീക്ഷകളിലടക്കം ഈ വിഭാഗങ്ങളോട് മത്സരിക്കാന്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകള്‍ക്ക് സാധിക്കില്ല. ഏതെങ്കിലും സാമൂഹിക പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല മുസ്ലിം സംവരണം നീക്കിയത്. കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

