KSDLIVENEWS

Real news for everyone

ഇഡി മുംബൈ ഓഫീസ് തീപ്പിടിത്തം, പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

SHARE THIS ON

മുംബൈ: തെക്കൻ മുംബൈയിലെ ബല്ലാഡ് എസ്‌റ്റേറ്റിലെ ഇഡി ഓഫീസിൽ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ പ്രമുഖകേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഇഡി അധികൃതർ സൂചിപ്പിച്ചു. വൻതട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരികളായ മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുമായും രാഷ്ട്രീയനേതാക്കളായ അനിൽ ദേശ്മുഖ്, ഛഗൻ ഭൂജ്ബൽ തുടങ്ങിയവരുമായും ബന്ധപ്പെട്ട കേസ് ഫയലുകൾ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഏതൊക്കെ ഫയലുകൾ നശിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അവലോകനം നടക്കുന്നതേയുള്ളൂ. അതേസമയം, എല്ലാ കേസുകളുടെയും ബാക്ക് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ കേസന്വേഷണത്തെ ബാധിക്കില്ലെന്നും ഇഡി സൂചിപ്പിച്ചു.

കേസന്വേഷണത്തെ കാര്യമായി ബാധിച്ചേക്കില്ലെങ്കിലും അത് വൈകിപ്പിക്കാൻ ഇത് ഇടയാക്കുമെന്ന് കരുതുന്നവരുണ്ട്. ഡിജിറ്റൽ തെളിവുകൾകൊണ്ടുമാത്രം എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നു. പ്രതികളെ ചോദ്യംചെയ്യലും മറ്റും വൈകിയേക്കുമെന്നും സൂചനയുണ്ട്.

കൈസർ-ഐ-ഹിന്ദ് കെട്ടിടത്തിന്റെ നാലാംനിലയിലുള്ള ഇഡി ഓഫീസിലാണ് ഞായറാഴ്ച പുലർച്ചെ തീപിടിച്ചത്. പത്തുമണിക്കൂറോളം പണിപ്പെട്ടാണ് അഗ്നിസുരക്ഷാസേന തീയണച്ചത്. ഫയലുകളും കംപ്യൂട്ടറുകളും ഫർണിച്ചറുകളുമെല്ലാം കത്തിനശിച്ചു. നാലുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലും നാലാംനിലയിലും ഇഡി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!