KSDLIVENEWS

Real news for everyone

ഇന്ത്യക്കാര്‍ 15 വര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 12,000 ടണ്‍ സ്വര്‍ണം! കണ്ണ് തള്ളുന്ന ലാഭ കണക്ക്

SHARE THIS ON

ഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ഫണ്ട് മാനേജർമാർ ഇന്ത്യൻ വീട്ടമ്മമാരാണ് എന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക് കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വർണ്ണം ഒരു ഡെഡ് ഇൻവെസ്റ്റ്മെന്റ്റ് ആണെന്ന് ചിലർ വാദിക്കുമ്പോഴും അതിനെ മികച്ച ഒരു ഇൻവെസ്റ്റ്മെന്റായാണ് ഇന്ത്യക്കാർ കാണുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനുളളിൽ ഇന്ത്യൻ കുടുംബങ്ങൾ വാങ്ങിക്കൂട്ടിയത് 12,000 ടൺ സ്വർണമാണ്. 2010 മുതൽ 2024 വരെയുളള കാലയളവിലാണ് ഇന്ത്യക്കാർ ഇത്രയധികം സ്വർണ്ണം വാങ്ങിയത്.

ഇതിൽ 8,000 ടണിലധികം സ്വർണവും സ്വർണാഭരണങ്ങളായാണ് വാങ്ങിയിരിക്കുന്നത്. ഓരോ വർഷത്തെയും സ്വർണത്തിന്റെ ശരാശരി വില കണക്കിലെടുത്താൽ ഇത്രയും സ്വർണം വാങ്ങാൻ ഇന്ത്യക്കാർ 50 ലക്ഷം കോടി രൂപ ചെലവാക്കിയിട്ടുണ്ടാകും. ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപവരും. അപ്പോൾ ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപയാണ്. 15 വർഷത്തെ കണക്കാണ് ഇതെങ്കിൽ, ഇന്ത്യൻ വീടുകളിലെ മൊത്തം സ്വർണശേഖരം ഏകദേശം 25,000 ടൺ വരും. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്.

ഇതു കൂടാതെ തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രമുൾപ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ മാത്രം അയ്യായിരം ടണിലധികം സ്വർണശേഖരമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിസർവ്വ് ബാങ്കിൻ്റെ കരുതൽ ശേഖരത്തിൽ 879 ടൺ സ്വർണമുണ്ട്. ഇന്ത്യയിലെ മൊത്തം സ്വർണശേഖരം 30,000 ടൺ വരും. ഇതിൻ്റെ മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് ഏകദേശം 275 ലക്ഷം കോടി രൂപയായിരിക്കും.

ഡെഡ് ഇൻവെസ്റ്റ്മെന്റാണെന്ന് പറയുന്നവരുടെ വായടപ്പിച്ചുകൊണ്ട് സ്വർണവില റെക്കോർഡ് വേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 72,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് പതിനായിരം രൂപ കൊടുക്കേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!