KSDLIVENEWS

Real news for everyone

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു

SHARE THIS ON

കോട്ടയം: ഏറെ വിവാദമായ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും ഷിനോ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാരകവിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നാലുമണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരിച്ചത്. കേസില്‍ ഷിനോയെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു പോലീസ്. കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ ഇരയായിരുന്നു ഷിനോയുടെ ഭാര്യ. ഇവര്‍ ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കഴിഞ്ഞ 19-ന് ഷിനോ മണര്‍ക്കാട്ടെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. അന്നു വൈകീട്ടോടെത്തന്നെ ഷിനോ വിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെവച്ച് പ്രതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് ചോദ്യം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മാരകം വിഷം അകത്തുചെന്നതിനാല്‍ ആശുപത്രി അധികൃതര്‍ അതിന് അനുവദിച്ചില്ല. പങ്കാളി കൈമാറ്റത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് ഷിനോ പരാതിക്കാരിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിനു പിന്നാലെ അകന്നു കഴിയുകയായിരുന്ന ഭാര്യയെ അതിനുശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതക ശേഷം കൊടിയ വിഷമാണ് ഷിനോ കഴിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാണെന്ന് ഷിനോ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. വിഷം കഴിച്ചയാളിന്റെ അടുത്തു ചെല്ലുന്നവര്‍ക്കും അണുബാധയുണ്ടാകാനിടയുള്ളതിനാല്‍ അകലം പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പോലീസുകാര്‍ക്കടക്കം നല്‍കിയ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!