കോഴിക്കോട്ട് യുവാവിന്റെ മരണം കൊലപാതകം; ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു, എല്ലുകൾ പൊട്ടി

കോഴിക്കോട് ∙ വെസ്റ്റ് കൊമേരി അമ്മാത്ത് പറമ്പ് ഇടവഴിയിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കൊമേരി അമ്മാത്ത് മീത്തൽ കിരൺകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ വഴിയാത്രക്കാരാണ് യുവാവിനെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ, വീടിനോട് ചേർന്ന പടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി. മൃതദേഹത്തിൽ പലഭാഗത്തായി അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡോഗ് സ്കോഡും വിരലടയാളം വിദഗ്ധരും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകളാണുള്ളത്. എല്ലുകൾ പൊട്ടിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് കൊലപാതകം ആണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ പലരിൽനിന്നും പൊലീസ് മൊഴിയെടുത്തു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. മരിച്ച കിരൺകുമാർ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതായി നാട്ടുകാരിൽ ചിലർ പൊലീസിനോട് പറഞ്ഞു.

