മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല -രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മോദി സർക്കാർ പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടത്താൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
” പാർലമെന്റ് അംഗങ്ങൾ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മോദി ഗവൺമെന്റ് പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റിന്റെ കൂടുതൽ സമയം കളയരുത്, നമുക്ക് വിലക്കയറ്റത്തേക്കുറിച്ചും കർഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും ചർച്ച ചെയ്യാം.” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസമായ ഇന്നലേയും പാർലമെന്റ് നടപടികൾ തടസപ്പെട്ടിരുന്നു. ലോക്സഭയിൽ പ്രതിപക്ഷം രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പെഗാസസ് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്.
ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രത്യേക യോഗം ചേർന്നിരുന്നു. തൃണമൂൽ ഒഴികെയുള്ള 14 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. പല വിഷയങ്ങളിലും അടിയന്തര പ്രമേയം നൽകേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെഗാസസ് വിഷയത്തിൽ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.

