ഇലന്തൂര്‍ മോഡല്‍ പ്രതീക്ഷിച്ചെത്തിയ പോലീസിന് പാളി; നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം പ്രതിയുമായെത്തി കുഴിച്ചെടുത്ത രീതിയില്‍ അഫ്സാനയുടെ ആരോപണം തെളിയുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എല്ലാ തെളിവുകളും ഉറപ്പിച്ച് മൃതദേഹം പുറത്തെടുക്കുകയെന്ന ദൗത്യംമാത്രം ബാക്കിയാക്കിയാണ് ഇലന്തൂരില്‍ കൊച്ചി പോലീസ് എത്തിയത്. എന്നാല്‍, ഒരാളുടെ മൊഴിമാത്രം കണക്കിലെടുത്ത് പിറ്റേദിവസംതന്നെ മൃതദേഹം കുഴിച്ചെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത് അബദ്ധമായെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
നരബലിക്കേസില്‍ പ്രതിയായ ഷാഫിയെ നിരന്തരം ചോദ്യംചെയ്താണ് മൃതദേഹം ഇലന്തൂരില്‍ കുഴിച്ചിട്ടെന്നതിന് വ്യക്തത വരുത്തിയത്. കടവന്ത്രമുതല്‍ ഇലന്തൂര്വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൊലപാതകം നടത്തിയെന്ന് പൂര്‍ണമായും ഉറപ്പിക്കുകയും ചെയ്തു.
ഈ കാലയളവില്‍ കൊച്ചി പോലീസും ആറന്മുള പോലീസും ആശയവിനിമയം നടത്തുകയും തെളിവുകള്‍ ഉറപ്പിക്കുകയും ചെയ്തു.എന്നാല്‍, ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയെന്നും പരുത്തിപ്പാറയിലെ വാടകവീട്ടില്‍ കുഴിച്ചിട്ടെന്നുമുള്ള അഫ്സാനയുടെ മൊഴി മുഖവിലയ്ക്കെടുത്തതാണ് ഇപ്പോള്‍ പോലീസിന് വിനയായത്.
വാടകവീട്ടില്‍ അഫ്സാന ചൂണ്ടിക്കാണിച്ച ഇടമെല്ലാം കുഴിച്ചനിലയിലാണ്.
പോലീസ് നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം
അടൂര്‍: തെറ്റായ മൊഴിയുടെ അടിസ്ഥാനത്തില്‍ പരുത്തപ്പാറ ലക്ഷംവീട്ടില്‍ ഉണ്ടായ പോലീസ് നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം.
അഫ്സാന നല്കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ പോലീസിന്റെ തിടുക്കപ്പെട്ടുള്ള നടപടികള്‍ നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി.
പാലമുറ്റത്ത് ബിജുകുമാറിന്റെ ശൗചാലയ ടാങ്ക് ഇളക്കിയിട്ടത് കൃത്യമായി മൂടാതെയാണ് പോലീസ് പോയത്. ഇതില്‍നിന്നുള്ള രൂക്ഷഗന്ധം സമീപത്താകെ വ്യാപിച്ചിരിക്കുകയാണ്. ഇതുകാരണം അയല്പക്കത്തെ വീട്ടുകാരൊക്കെ ബുദ്ധിമുട്ടിലാണ്. ഇതൊന്നും പഴയസ്ഥിതിയിലാക്കാന്പോലും പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇപ്പോള്‍ കാണാതായ നൗഷാദിനെ കണ്ടെത്തിയപ്പോള്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് പറയാന്‍പോലും ആരും എത്തിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വീട് പൊളിച്ചത് നന്നാക്കി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ എസ്.ബിനു, എന്‍.കണ്ണപ്പന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഏറത്ത് ഗ്രാമപ്പഞ്ചായത്തംഗം ശ്രീലേഖ ഹരികുമാര്‍, ബി.ജെ.പി. നേതാവ് സജി മഹര്‍ഷിക്കാവ് എന്നിവരുടെ നേതൃത്വത്തിലും ആളുകള്‍ എത്തി. ആളുകള്‍ കൂടുന്നതറിഞ്ഞ് അടൂരില്‍നിന്ന് പോലീസും സ്ഥലത്തെത്തി.
തെറ്റായ മൊഴിയുടെ അടിസ്ഥാനത്തില്‍ പരുത്തപ്പാറ ലക്ഷംവീട്ടിലാണ് ശൗചാലയ ടാങ്ക് ഇളക്കുന്നത് അടക്കമുള്ള നടപടിയുണ്ടായത്.
പോലീസ് ഭാഷ്യത്തിലും വിള്ളലുകള്‍ ഏറെ
പത്തനംതിട്ട : സമീപകാല കുറ്റാന്വേഷണങ്ങളില്‍ സമാനതകളില്ലാത്തതാണ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍. കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയില്‍ മാത്രം ഊന്നി കാടിളക്കിയുള്ള പരിശോധനയും വീടും പറമ്പും കുഴിക്കലും ഒക്കെ പോലീസിന്റെ അമിതോത്സാഹം മാത്രമായി കണക്കാക്കിയാലും ചില ചോദ്യങ്ങള്‍ അവശേഷിക്കും. ഒന്നര വര്‍ഷം മുമ്പ് നൗഷാദിന്റെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനം മുതല്‍ കൊലപ്പെടുത്തിയെന്ന കഴിഞ്ഞ ദിവസത്തെ അഫ്സാനയുടെ മൊഴിയും പിന്നീടുണ്ടായ നാടകീയ വഴിത്തിരിവും നൗഷാദിനെ കണ്ടെത്തിയതും ഒരു ക്രൈം ത്രില്ലറിനെ വെല്ലുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നിരത്തുന്ന ന്യായീകരണങ്ങള്‍ പൂര്‍ണമായി മുഖവിലക്കെടുക്കാവുന്നതല്ല. കേസിന്റെ വഴിത്തിരിവുകളെക്കുറിച്ചുള്ള പോലീസ് ഭാഷ്യത്തില്‍ വിള്ളലുകള്‍ ഏറെ. മര്‍ദനത്തില്‍ നൗഷാദ് മരിച്ചുവെന്ന് അഫ്സാന കരുതിയിരുന്നെന്നാണ് അവരുടെ വിചിത്രമായ മൊഴിമാറ്റങ്ങള്‍ക്ക് കാരണമായി പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ നൗഷാദിനെ കണ്ടിരുന്നെന്ന് അഫ്സാന പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നെന്ന ചോദ്യം ശേഷിക്കുന്നു. അത് കളവാണെന്ന് ബോധ്യപ്പെട്ടെന്നും അവരെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ കൊന്നെന്ന് പറഞ്ഞതായുമുള്ള പോലീസ് വാദം ഇതോടെ ദുര്‍ബലമാകും. കുടുംബവഴക്കുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കെ നൗഷാദിനെ ഒരു സംഘം മര്‍ദിച്ചതും പിന്നീട് അയാളുടെ ദുരൂഹമായ തിരോധാനവും പോലീസ് സംവിധാനങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട് അഫ്സാനയുടെ ബന്ധുക്കളില്‍നിന്നോ നൗഷാദിന്റെ സുഹൃത്തുക്കളില്‍നിന്നോ പോലീസ് കൂടുതല്‍ വിവരം തേടിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സംശയങ്ങള്‍ അന്ന് തന്നെ അവര്‍ക്ക് ഉണ്ടാകുമായിരുന്നു.
നൗഷാദിനെ മാസങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നതായ പരിചയക്കാരന്റെ മൊഴിയില്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇടുക്കി തൊമ്മന്‍കുത്തില്‍ കഴിഞ്ഞിരുന്ന നൗഷാദിലേക്ക് പോലീസിന് കുറച്ച് മുന്‍പ് തന്നെ എത്തിച്ചേരാമായിരുന്നു.
അഫ്സാന കല്ലറ പൊളിക്കാനും പ്രേരിപ്പിച്ചു
കലഞ്ഞൂർ: രണ്ടുനാൾ പോലീസിനെ വട്ടംചുറ്റിച്ചതും ഒരു ആരാധനാലയത്തിന്റെ സെമിത്തേരിയിൽക്കയറി കല്ലറ പൊളിക്കുന്നതിന് പ്രേരിപ്പിച്ചതും അഫ്സാനയ്ക്ക് വിനയാകും.
ഭർത്താവായ നൗഷാദിന്റെ തിരോധാനം സംബന്ധിച്ച കേസിന്റെ തെളിവെടുപ്പിനായി അടൂർ പരുത്തിപ്പാറയിലെത്തിച്ച അഫ്സാന പോലീസിനുമുമ്പിൽ അഞ്ചുതവണയാണ് മൊഴിമാറ്റിയത്. ഇതിൽ ഒരുമൊഴി, വാടകവീടിന് സമീപത്തുള്ള ആരാധനാലയത്തിലെ സെമിത്തേരിയിൽ നൗഷാദിന്റെ മൃതദേഹം കുഴിച്ചിട്ടെന്നാണ്. എന്നാൽ, പോലീസിന്റെയും ആരാധനാലയത്തിലെ ചുമതലക്കാരുടെയും സമയോചിതമായ ഇടപെടൽമൂലം കല്ലറ പൊളിച്ച് പരിശോധിച്ചില്ല.
തുടർന്നാണ്, വീടിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളും അഫ്സാന ചൂണ്ടിക്കാട്ടിയത്. പോലീസിനെ വഴിതെറ്റിച്ചതിനും സ്പർധയുണ്ടാക്കാനുള്ള സാഹചര്യമൊരുക്കിയതിനും മൊഴിമാറ്റിപ്പറഞ്ഞ് കബളിപ്പിച്ചതിനും ഇവരുടെപേരിൽ നടപടി വരും

