KSDLIVENEWS

Real news for everyone

കാടിന് നടുവിലെ ഒറ്റപ്പെട്ട പ്രദേശം, ഫോണിന് റേഞ്ചില്ല; ജീര്‍ണിച്ച വീട്ടില്‍ നൗഷാദിന്റെ ഒളിവുജീവിതം

SHARE THIS ON

തൊടുപുഴ : തൊമ്മൻകുത്തിനടുത്ത് കാടിനുനടുവിലെ ഒറ്റപ്പെട്ട പ്രദേശം. ഇവിടെ അഞ്ചേക്കർ പുരയിടത്തിനു നടുവിൽ പഴകി ജീർണിച്ച വീട്. മുറ്റത്തിരിക്കുന്ന പാരയുടെ അടുത്ത് പൊതിക്കാനുള്ള തേങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു. വീടിന്റെ വരാന്തയിൽ കോഴിക്ക് അടയിരിക്കാൻ ഒരു കസേരയും വെള്ളമില്ലാത്ത അക്വേറിയം ടാങ്കും. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കൃഷിപ്പണിക്കുള്ള ഉപകരണങ്ങളും റബ്ബർ ടാപ്പിങ്ങിനുള്ള സാധനങ്ങളും.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെ നൗഷാദിനെ തിരക്കി കുഴിമറ്റത്തെ ബെറ്റി വർഗീസിന്റെ (സന്തോഷ്) വീട്ടിലെത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജയ്മോൻ കണ്ട കാഴ്ചയിതാണ്.

സഹോദരനും തൊമ്മൻകുത്തിലെ വ്യാപാരിയുമായ രാജേഷ് പറഞ്ഞതുപ്രകാരമാണ് നൗഷാദിനെത്തേടി ജയ്മോൻ ബൈക്കോടിച്ച് കുഴിമറ്റത്ത് എത്തിയത്. തൊമ്മൻകുത്തിൽനിന്നും മണ്ണൂക്കാടിനുള്ള പാതയിലൂടെ ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചുവേണം കുഴിമറ്റത്തേക്ക് തിരിയുന്ന മൺപാതയിൽ എത്താൻ. ഇവിടെനിന്നും വീണ്ടും ദുർഘടപാതയിലൂടെ ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാണ് നൗഷാദിനെ കണ്ടെത്തിയ വീട്ടിലെത്തിയത്.

വീടിനടുത്തെത്താൻ റബ്ബർത്തോട്ടത്തിലൂടെ പത്തുമിനിറ്റ് നടക്കുകയും വേണമായിരുന്നു. ഈ പ്രദേശത്ത് മൊബൈൽ ഫോണിന് റെയ്ഞ്ചുമില്ല. ഇക്കാരണങ്ങൾകൊണ്ടാണ് നൗഷാദിനെ കണ്ടെത്താൻ പോലീസിന് കഴിയാതിരുന്നതും.

ജയ്്മോൻ വീട്ടിലെത്തിപ്പോഴേക്കും ഭക്ഷണവും കഴിച്ച് നൗഷാദ് കൃഷിയിടത്തിലെ പച്ചക്കറിത്തോട്ടത്തിലേക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സന്തോഷിനെ പത്രത്തിലെ ചിത്രം കാണിച്ച് നൗഷാദിനെ തിരക്കി. നൗഷാദിനെക്കുറിച്ച് മാധ്യമങ്ങളിൽവന്ന വാർത്തകളൊന്നും സന്തോഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വിവരങ്ങൾ അറിഞ്ഞതോടെ സന്തോഷ് നൗഷാദിനെ ജയ്മോന് കാണിച്ചുകൊടുത്തു.

വിവരം തിരക്കിയപ്പോൾ, ഭാര്യയെയും ബന്ധുക്കളെയും ഭയന്ന് ഒളിച്ച് കഴിയുകയാണെന്ന് നൗഷാദ് പറഞ്ഞു. തുടർന്ന് ജയ്മോന്റെ ഫോണിൽ നൗഷാദിന്റെ ചിത്രമെടുത്തു. പിന്നീട് സന്തോഷിന്റെ ജീപ്പിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്കുപോയി.

ഫോണിൽ റെയ്ഞ്ച് കിട്ടിയപ്പോൾ ചിത്രം കോന്നി ഡിവൈ.എസ്.പി. രാജപ്പൻ റാവുത്തർക്ക് അയച്ചുകൊടുത്തു. ചിത്രത്തിലുള്ളത് തങ്ങൾ തിരയുന്ന നൗഷാദാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നൗഷാദിനെ ജീവനോടെ കണ്ടെത്തിയെന്നറിഞ്ഞതോടെ കൂടൽ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനും ആശ്വാസമായി.

വീടുവിട്ടിറങ്ങിയത് മരിക്കണമെന്നുറച്ച് -നൗഷാദ്

സുജിത്ത് സുധാകർ

തൊടുപുഴ: ഒന്നരവർഷംമുന്പത്തെ ആ ഒറ്റരാത്രികൊണ്ട് ജീവിതം മടത്തു. വീട് വിട്ടിറങ്ങുമ്പോൾ മരിക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ജീവനൊടുക്കാനുള്ള ധൈര്യമില്ലെന്ന് മനസ്സിലായതോടെ പിൻവാങ്ങി. അഞ്ചുദിവസം അലഞ്ഞുതിരിഞ്ഞ തനിക്ക് തണലായ അടൂരുള്ള സുഹൃത്തിന്റെ കുടുംബത്തെ ഒരിക്കലും മറക്കില്ലെന്നും നൗഷാദ് പറഞ്ഞു.

നൗഷാദ് പറയുന്നു…

ജോലികഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിക്കാനിരുന്ന സമയത്ത് ഇളയകുട്ടി കരഞ്ഞു. കുട്ടിയെ നോക്കാൻ അഫ്സാനയോട് പറഞ്ഞു. ഉടനെ അഫ്സാന, ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെക്കൂടി വിളിച്ചുണർത്താൻ ശ്രമിച്ചു. കുട്ടി ഉറങ്ങട്ടെയെന്ന് പറഞ്ഞിട്ടും വീണ്ടും തട്ടിയുണർത്താൻ ശ്രമിച്ചു. ഇതേച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. ആഹാരം കഴിക്കുന്നത് നിർത്തി കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ, അഫ്സാനയുടെ ബന്ധുക്കളും പരിചയക്കാരുമായ ആളുകളെത്തി. കുട്ടികൾക്ക് മുന്പിലിട്ട് ക്രൂരമായി മർദിച്ചു. അവശനായ തന്നെ അഫ്സാന തിരിഞ്ഞുപോലും നോക്കിയില്ല. ഇതോടെ ജീവനിൽ ഭയന്ന് പിറ്റേന്ന് വീട് വിട്ടിറങ്ങിയെന്നും നൗഷാദ് പറഞ്ഞു.

പരിചയമുള്ള അടൂരിലെ കുടുംബത്തിനോട് ജോലിതരണമെന്ന് പറഞ്ഞു. വീട്ടിലുണ്ടായ പ്രശ്നങ്ങളൊന്നും പറഞ്ഞില്ല. തൊടുപുഴയിലെ തോട്ടത്തിൽ പണിചെയ്തോളാൻ അവർ പറഞ്ഞു. ഉമ്മയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരെങ്കിലും കണ്ടെത്തി മർദിക്കുമോയേന്ന ഭയം കാരണം വേണ്ടെന്നുവെച്ചു. തൊമ്മൻകുത്തിൽ എനിക്ക് സമാധാനമുണ്ട്. തത്കാലം ഇവിടംവിട്ടൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും നൗഷാദ് മാതൃഭൂമിയോട് പറഞ്ഞു.

മർദനത്തിൽ നൗഷാദ് മരിച്ചെന്ന് അഫ്സാന കരുതി -പോലീസ്

കലഞ്ഞൂർ: അടൂർ പരുത്തിപ്പാറയിലെ വാടകവീട്ടിൽ 2021 നവംബർ നാലിനാണ് നൗഷാദിന് മർദനമേറ്റതെന്ന് കോന്നി ഡിവൈ.എസ്.പി. രാജപ്പൻ റാവുത്തർ പറഞ്ഞു. അഫ്സാന വിളിച്ചുവരുത്തിയവർ ചേർന്നാണ് നൗഷാദിനെ മർദിച്ചത്. ബോധരഹിതനായ നൗഷാദ് മരിച്ചെന്ന് കരുതി വീട്ടിൽനിന്ന് അഫ്സാന പോകുകയായിരുന്നു. പിറ്റേന്ന് തിരിച്ചുവന്നപ്പോൾ നൗഷാദിനെ കാണാനില്ലായിരുന്നു. ഇതോടെ നൗഷാദ് മരിച്ചെന്നും സുഹൃത്തുക്കളിൽ ആരോ മൃതദേഹം എവിടെയോ മറവുചെയ്തെന്നും അഫ്സാന കരുതിയെന്നാണ് പോലീസ് പറയുന്നത്.

നൗഷാദിനെ കിട്ടിയെങ്കിലും ബിജുകുമാർ ‘കുഴി’യിലായി

പ്രിയേഷ് ചന്ദ്രൻ

അടൂർ: പരുത്തിപ്പാറ പാലമുറ്റത്ത് വീട്ടിൽ ബിജുകുമാർ ഉറങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. വ്യാഴാഴ്ച ഭക്ഷണംപോലും കഴിക്കാൻ സാധിച്ചില്ല.

ഒടുവിൽ നൗഷാദ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. ആ സമാധാനത്തിനിടയിലും പോലീസ് പരിശോധനയ്ക്കായി കുത്തിപ്പൊളിച്ചിട്ട തന്റെ വീട് എങ്ങനെ ശരിയാക്കുമെന്ന ആശങ്കയിലാണ് ഇദ്ദേഹം.

ഏറത്ത് പഞ്ചായത്തിൽ പരുത്തിപ്പാറ ലക്ഷംവീട് പള്ളിക്ക് സമീപമാണ് ബിജുകുമാറിന്റെ വീട്. രണ്ടുവർഷം മുമ്പ് മൂന്ന് മാസത്തോളം നൗഷാദും കുടുംബവും വാടകയ്ക്ക് താമസിച്ചത് ഇവിടെയായിരുന്നു. വീടിന്റെ മറ്റൊരു വശത്തെ ഒറ്റ മുറിയിലാണ് ബിജുകുമാർ താമസിക്കുന്നത്.

ഈ ഒറ്റമുറിയിലൊഴികെ, ബാക്കിയെല്ലായിടവും കമ്പിപ്പാരകൊണ്ട് പോലീസ് കുത്തിയിളക്കിയ നിലയിലാണ്. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന അഫ്സാനയുടെ മൊഴിയെത്തുടർന്നാണ് വീടും പരിസരവും പോലീസ് കുഴിച്ചു പരിശോധിച്ചത്. അടുക്കളയിലും കിടപ്പുമുറിയിലും വലിയ കുഴികളെടുത്തു. സെപ്ടിക് ടാങ്ക് തുറന്ന് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം ഇത് ശരിയായി മൂടിയിട്ടുമില്ല.

1500 രൂപ വാടകയാണ് നിശ്ചയിച്ചതെങ്കിലും ഒരു രൂപപോലും നൽകിയില്ലെന്നും ബിജുകുമാർ പറഞ്ഞു. ടാപ്പിങ് തൊഴിലാളിയായ ബിജുകുമാറിന്റെ വീട്ടിൽ ഇപ്പോൾ അതിഥിത്തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. അധികൃതർ ഇടപെട്ട് വീട് നന്നാക്കിത്തരണമെന്നാണ് ബിജുകുമാറിന്റെ ആവശ്യം.

സ്വയം നന്നാക്കാനുള്ള സമ്പത്തികശേഷിയില്ല. നടപടികൾ ഉണ്ടായില്ലെങ്കിൽ കളക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!