നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായെന്ന കണക്കാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായിട്ടുണ്ട്. 500 ഓളം വിദേശ പൗരന്മാരെയും 320 ഇന്ത്യക്കാരെയും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തി. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയില്‍ കൂടുതലും. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടിബറ്റന്‍ മേഖലയില്‍പ്പെട്ട 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രളയത്തില്‍ എത്ര ഇന്ത്യക്കാര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളില്‍ തടസ്സപ്പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനം പോയി. മരുന്നും ഭക്ഷണവും അടക്കം 10 ടണ്‍ സാധനങ്ങളാണ് വിമാനത്തിലുള്ളത്. പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ച നേപ്പാള്‍ സര്‍ക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദിയും അറിയിച്ചു.

