ഭർത്താവ് പോയി, മകനെ തിരിച്ചുകിട്ടിയല്ലോ, സന്തോഷം; വെന്റിലേറ്ററിൽനിന്ന് നിപ്പ രോഗി തിരിച്ചെത്തുന്നത് ആദ്യം; 9 വയസുകാരൻ സുഖം പ്രാപിച്ചു

കോഴിക്കോട്∙ രണ്ടാഴ്ചയിലധികമായി ആധിയോടെ കാത്തിരുന്ന ആ നിമിഷം വന്നെത്തി. അകാലത്തിൽ മരണം കൊണ്ടുപോയ ഭർത്താവിനെ കുറിച്ചോർത്തു വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു ആ മാതാവ്. നിപ്പയിൽനിന്നു മുക്തനായെത്തിയ മകനെ വാരിപ്പുണരാൻ മനസ്സ് വെമ്പിയിരുന്നെങ്കിലും ആരോഗ്യ പ്രവർത്തകരുടെ കർശന നിർദേശം ഉള്ളതിനാൽ മാറിനിന്നു കാണുകയായിരുന്നു അവർ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണു നിപ്പ രോഗത്തിന്റെ ചരിത്രത്തിൽ അദ്ഭുതം സൃഷ്ടിച്ച് രോഗമുക്തി നേടിയത്. നിപ്പ ബാധിച്ച് ആദ്യം മരിച്ച കുറ്റ്യാടി മരുതോങ്കര സ്വദേശിയുടെ ഒൻപത് വയസ്സുകാരനായ മകനും 25 വയസ്സുകാരനായ ഭാര്യാസഹോദരനുമാണു രണ്ടാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിൽ രോഗമുക്തി ലഭിച്ചത്. ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും വ്യാഴാഴ്ച രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. ഇതോടെ ഇവിടെ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും രോഗമുക്തി നേടി വീട്ടിലേക്കു മടങ്ങി. രോഗം മാറിയെങ്കിലും രണ്ടാഴ്ച കൂടി വീട്ടിൽ ക്വാറന്റീനിൽ ഇരിക്കണമെന്നാണ് ഇരുവർക്കും നൽകിയിട്ടുള്ള നിർദേശം. Advertisement ഒരു കൂട്ടം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രി മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നിപ്പയിൽ ആശ്വസിക്കാൻ വക ലഭിച്ചത്. ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ ഡോ. എ.എസ്.അനൂപ് കുമാർ, കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ് സീനിയർ കൺസൾട്ടന്റ് ഡോ. കെ.സതീഷ് കുമാർ, പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മികച്ച ചികിത്സ രോഗികൾക്കു ലഭ്യമാക്കി. നഴ്സിങ് ജീവനക്കാരുടെ സേവനവും പ്രശംസനീയമാണ്. ചെയർമാൻ ആസാദ് മൂപ്പന്റെ നിർദേശപ്രകാരം ചികിത്സാച്ചെലവുകൾ ആശുപത്രി ഏറ്റെടുക്കുന്നതായി ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ലുക്മാൻ പറഞ്ഞു. സെപ്റ്റംബർ ഒൻപതിനാണു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരനെയും മാതൃസഹോദരനെയും മിംസിലേക്കു കൊണ്ടുവന്നത്. ഓഗസ്റ്റ് അവസാനം കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തിൽ ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്കു ശ്വാസംമുട്ടൽ ഉണ്ടായത്. ഇതു ഗൗരവമുള്ള പകർച്ചവ്യാധിയാണോ എന്നായിരുന്നു സംശയം. ഇക്കാര്യം ഉടനെ മിംസിലെ ഡോക്ടർമാരുമായി പങ്കുവച്ചു. ഈ ആശയവിനിമയമായിരുന്നു രോഗം പടരാതിരിക്കാനും പിഴവില്ലാത്ത ചികിത്സ നൽകാനും സഹായിച്ചത്. ഇതോടെ രോഗികളെ എത്തിക്കുന്നതിന് മുൻപുതന്നെ സുസജ്ജമാകാൻ മിംസിനു കഴിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ പീഡിയാട്രിക് ഐസിയുവിലേക്കു മാറ്റി ചികിത്സ ആരംഭിച്ചു. വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസങ്ങൾ ഏറെ നിർണായകമായിരുന്നു. നാലാം ദിവസം വെന്റിലേറ്റർ നീക്കി. ലോകത്ത് ആദ്യമായാണ് നിപ്പ ബാധിച്ച് വെന്റിലേറ്ററിൽ ആയ ഒരു രോഗി ജീവിതത്തിലേക്കു തിരികെ എത്തുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭർത്താവിന്റെ മരണമുണ്ടാക്കിയ വിടവ് നികത്താൻ കഴിയില്ലെങ്കിലും എട്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനയും പ്രിയ സഹോദരനും ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് മരുതോങ്കര സ്വദേശിയായ യുവതി. ആസ്റ്റർ മിംസ് ഡപ്യൂട്ടി സിഎംഎസ് ഡോ.നൗഫൽ ബഷീർ, മോളിക്യുലാർ ലാബ് മേധാവി ഡോ.വിപിൻ, ചീഫ് നഴ്സിങ് ഓഫിസർ ഷീലാമ്മ ജോസഫ്, ഇൻഫെക്ഷൻ കൺട്രോൾ നഴ്സിങ് വിഭാഗം ഹെഡ് അന്നമ്മ, എമർജൻസി ടീമിനെ പ്രതിനിധീകരിച്ച് ഡോ. ജിജിൻ ജഹാൻഗീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

