KSDLIVENEWS

Real news for everyone

ഈ യുവാവിനെ 3 ദിവസം പിന്നിട്ടിട്ടും തിരിച്ചറിയാനായില്ല; കണ്ടെത്തിയത് ട്രെയിനിൽ‌ അബോധാവസ്ഥയിൽ

SHARE THIS ON

കാസർകോട് ∙ ട്രെയിനിൽ അബോധാവസ്ഥയിൽ പരുക്കുകളോടെ കണ്ടെത്തിയ യുവാവിനെ 3 ദിവസം പിന്നിട്ടിട്ടും തിരിച്ചറിയാനായില്ല. കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് യുവാവ്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ഇന്റ‍ർ സിറ്റി എക്സ്പ്രസിൽ 25നു രാവിലെയാണ് യുവാവിനെ കണ്ടെത്തുന്നത്. കാസർകോടു നിന്നു കോഴിക്കോട് പോകുകയായിരുന്ന ഒരു യാത്രക്കാരൻ കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയുടെ പിന്നിൽ മുറിവും മുഖത്ത് ചതവും ഉള്ള നിലയിൽ അതീവ ഗുരുതരമായതിനാൽ പരിയാരത്തേക്കു മാറ്റി. മൂന്നു ദിവസമായി അബോധാവസ്ഥയിലാണ്.

റെയിൽവേ പൊലീസ് എസ്ഐ പി.എൻ.മോഹനനാണ് കേസ് അന്വേഷിക്കുന്നത്. അതിഥി തൊഴിലാളി ആയിരിക്കാനാണ് സാധ്യതയെന്നു പൊലീസ് പറയുന്നു. തിരിച്ചറിയാനുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല.മംഗളൂരു സ്റ്റേഷനിൽ 25ന് രാവിലെ 10.35നും 10.55നും ഇടയിൽ ഈ യുവാവ് ട്രെയിനിനു സമീപം ബാഗുമായി നടന്നു പോകുന്ന സിസി ടിവി ദൃശ്യം കിട്ടിയിട്ടുണ്ട്. 11നാണ് ഈ ട്രെയിൻ മംഗളൂരു വിട്ടത്. യുവാവിനെ പരുക്കുകളോടെ കണ്ട കോച്ചിന്റെ ഭാഗം സിസിടിവി പരിധിക്കു പുറത്താണ്. 20 സീറ്റ് ആണ് ഈ അൺ റിസർവ് കോച്ചിൽ ഉള്ളത്. ഇതിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ഇളം തവിട്ടു നിറത്തിലുള്ള പാന്റ്സും ക്രീം കളർ മുഴുക്കയ്യൻ ഷർട്ടുമാണ് ധരിച്ചിരുന്നത്. 28നും 30നും ഇടയിലാണ് പ്രായം. 165 സെന്റിമീറ്റർ ഉയരം. ഇരു നിറം. മെലിഞ്ഞ ശരീരം. ബാഗിൽ മുഷിഞ്ഞ വസ്ത്രങ്ങൾ, ചീർപ്പ്, ടൂത്ത് പേസ്റ്റ്, പുതിയ പഴ്സ് തുടങ്ങിയവയാണ് ഉള്ളത്. പണമൊന്നും ഉണ്ടായിരുന്നില്ല. തിരിച്ചറിയുന്നവർ 9497987331 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!