KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് വരുമാനം പൂജ്യം! ചെലവ് മാസം തോറും ലക്ഷങ്ങൾ; പലിശ അടച്ചു മുടിയും

SHARE THIS ON

കാഞ്ഞങ്ങാട് ∙ ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം പിന്നിട്ട അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നിന്നു നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം പൂജ്യം! അതേ സമയം ചെലവ് മാസം തോറും ലക്ഷങ്ങൾ. ഹഡ്കോയിൽ നിന്നെടുത്ത വായ്പയുടെ പലിശ മാത്രമായി 1.5 കോടിയോളം നഗരസഭ ഇതിനകം അടച്ചു. ഓരോ 3 മാസം കൂടുമ്പോഴും 20 ലക്ഷം രൂപയാണ് വായ്പ ഇനത്തിൽ അടയ്ക്കേണ്ടത്. ഇതിൽ 7 ലക്ഷം പലിശയും 13 ലക്ഷം മുതലുമാണ്. 2013 മുതലാണ് ഹഡ്കോയിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് തുടങ്ങിയത്. 5 കോടിയാണ് ബസ് സ്റ്റാൻഡ് നിർമാണത്തിനായി ഹഡ്കോയിൽ നിന്നു വായ്പ എടുത്തത്. ഇത്രയേറെ ചെലവിട്ടിട്ടും ബസ് സ്റ്റാൻഡിൽ നിന്ന് ഒരു രൂപ പോലും വരുമാനം നേടാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

102 മുറികളാണ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ ഉള്ളത്. മൂന്നു തവണ ലേലം വച്ചിട്ടും കെട്ടിടത്തിലെ കടമുറികൾ ലേലം കൊള്ളാൻ ആരും വന്നില്ല. ഡിപ്പോസിറ്റ് തുക കൂടിയതാണ് കടമുറികൾ ആരും ലേലത്തിന് എടുക്കാൻ താൽപര്യം കാണിക്കാത്തതിന് കാരണം. 15 ലക്ഷം രൂപയാണ് നഗരസഭയിൽ ഡിപ്പോസിറ്റ് അടയ്ക്കേണ്ടത്. 15,000 രൂപയാണ് മാസ വാടക. ലേലത്തില്‍ പങ്കെടുക്കാന്‍ ആരുമെത്താതെ വന്നതോടെ ബസ് സ്റ്റാൻഡിന്റെ ബൈലോയിൽ ഭേദഗതി വരുത്താൻ നഗരസഭ തീരുമാനിച്ചു.

കൗൺസിൽ യോഗത്തില്‍ വോട്ടെടുപ്പോടെ ആണ് ബൈലോ ഭേദഗതി പാസാക്കിയത്. ബൈലോയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനാണ്. 15 ലക്ഷം എന്നത് 7 ലക്ഷം രൂപയായി കുറയ്ക്കാനാണ് നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ബൈലോയിൽ ഭേദഗതി വരുത്താനുള്ള അധികാരം കൗൺസിലിന് നൽകണമെന്ന നിർദേശവും നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന് സർക്കാർ അനുമതി കിട്ടാന്‍ കാത്തിരിക്കുകയാണ് നഗരസഭ. സർക്കാർ അനുമതി കിട്ടിയാൽ മാത്രമേ കടമുറി ലേലം ചെയ്യാൻ കഴിയൂ. 2019 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!