ആയിഷാസിലെ ആനന്ദം ; വി.എം മുനീർ കാസർഗോഡ് നഗരസഭയുടെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത്തെ അധ്യക്ഷൻ;

കാസർഗോഡ് : തളങ്കര ഖാസിലേൻ തെരുവത്ത് ഉബൈദ് റോഡിലെ ആയിഷാസിൽ തിങ്കളാഴ്ച ആനന്ദത്തിന്റെ ദിനമായിരുന്നു
ഗൃഹനാഥൻ കാസർകോട് നഗരസഭയുടെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത്തെ അധ്യക്ഷനായതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങൾ.
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.എം. മുനീർ തന്റെ ഭരണകാലയളവിൽ കാസർകോട് നഗരത്തെ സംസ്ഥാനത്തെ മികച്ച നഗരങ്ങളിൽ ഒന്നാക്കുക എന്ന ലക്ഷ്യമാണ് മുന്നിൽ കാണുന്നത്.
ഇതിനായി ആദ്യം നഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം തന്നെ മീൻ മാർക്കറ്റിലെ പ്രശ്നങ്ങൾ, മാലിന്യ പ്രശ്നങ്ങൾ, തെരുവുവിളക്കുകൾ എന്നിവയിലും ഇടപെടും.
കഴിഞ്ഞ അഞ്ചുവർഷം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായത് കാരണം നഗരത്തിന്റെ പ്രശ്നങ്ങളെല്ലാം നേരിട്ടറിയുമെന്നത് ഇദ്ദേഹത്തിന് ഭരണം മുന്നോട്ട് കൊണ്ടുപോവാൻ സഹായിക്കും.
കാസർകോട് ഗവ. ആയുർവേദ ആസ്പത്രിയിലെ റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. മഹ്മൂദിന്റെ മകനായി പാരമ്പര്യ വൈദ്യകുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന് നഗരത്തെ ചികിത്സിച്ച് നന്നാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭാര്യയും മക്കളും.

