KSDLIVENEWS

Real news for everyone

ചരിത്രം കുറിച്ച് ആര്യ മേയറായി

SHARE THIS ON

തിരുവനന്തപുരം : ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന ഖ്യാതിയോടെ ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രന്‍ തലസ്ഥാനത്തിന്റെ 45-ാമത് മേയറായി ചുമതലയേറ്റു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ 54 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് സി.പി.എമ്മിലെ ആര്യ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സിമിജ്യോതിഷ് 35 വോട്ടും യു.ഡി.എഫിലെ മേരി പുഷ്‌പം ഒന്‍പത് വോട്ടും നേടി. 100 അംഗങ്ങളുള്ള കൗണ്‍സിലില്‍ 99 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവായി. യു.ഡി.എഫ് അംഗമായ മുല്ലൂര്‍ കൗണ്‍സില‌ര്‍ ഓമന കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. സ്വതന്ത്രരായി മത്സരിച്ച്‌ വിജയിച്ച പൂന്തുറയിലെ മേരി ജിപ്സി, കോട്ടപ്പുറത്തെ പനിയടിമ,ഹാര്‍ബറിലെ നിസാമുദ്ദീന്‍ എന്നിവര്‍ എല്‍.ഡി.എഫിന് അനുകൂലമായാണ് വോട്ടുചെയ്തത്.വരണാധികാരിയായ കളക്ടര്‍ നവജ്യോത് ഖോസയുടെ മേല്‍നോട്ടത്തില്‍ രാവിലെ 11ന് മേയര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. എല്‍.ഡി.എഫില്‍ നിന്ന് ആര്യാ രാജേന്ദ്രനെ ഡി.ആര്‍.അനില്‍ നിര്‍ദ്ദേശിച്ചു.യു.ഡി.എഫ് സ്ഥാനാ‌ര്‍ത്ഥിയായി മേരി പുഷ്‌പത്തെ പത്മകുമാറും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സിമി ജ്യോതിഷിനെ ഷീജ മധുവും നാമനിര്‍ദേശം ചെയ്തു. ബാലറ്റില്‍ പിഴവ് വന്നതിനാല്‍ ചെമ്ബഴന്തി കൗണ്‍സിലര്‍ ഉദയന് ബാലറ്റ് മാറ്റി നല്‍കി. കിണവൂര്‍ കൗണ്‍സിലര്‍ സുരകുമാരിയുടെ കാല്‍ ഒടിഞ്ഞ് വീല്‍ചെയറിലാതിനാല്‍ ബാലറ്റ് പെട്ടി അവരുടെ ഇരിപ്പിടത്തിലേക്ക് എത്തിച്ചു. കുടപ്പനക്കുന്ന് കൗണ്‍സിലര്‍ ജയചന്ദ്രന്‍ നായര്‍ കൊവിഡ് മുക്തനായെങ്കിലും നിരീക്ഷണത്തിലായതിനാല്‍ ഏറ്റവും അവസാനം ഫേസ് ഷീല്‍ഡും കൈയുറയും ധരിച്ചാണ് വോട്ടുചെയ്തത്. 12.30തോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. തുടര്‍ന്ന് ഫലപ്രഖ്യാപനം വന്നതോടെ ആര്യയെ സത്യപ്രതിജ്ഞയ്ക്കായി കളക്ടര്‍ ക്ഷണിച്ചു. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് ,ഗാലറിയിലിരുന്ന നേതാക്കളുടെയും മാതാപിതാക്കളായ രാജേന്ദ്രന്‍,ശ്രീലത എന്നിവരുടെ അടുത്തെത്തിയ ശേഷം നേരെ ഡയസിലേക്കെത്തിയ ആര്യ ദൃഢപ്രതിജ്ഞ ചെയ്തു.മേയറുടെ ഔദ്യോഗിക കോട്ടും മാലയും കളക്ടര്‍ ആര്യയെ അണിയിച്ചു. പിന്നാലെ നേതാക്കള്‍ എത്തി അനുമോദിച്ചു. തുടര്‍ന്ന് മേയറുടെ ഓഫീസിലെത്തി കസേരയില്‍ ഇരുന്ന് ചുമതലയേറ്റതായി രേഖകളില്‍ ഒപ്പുവച്ചു. ഉച്ചയ്ക്ക് 2ന് നടന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ പി.കെ.രാജുവിന് 55 വോട്ട് ലഭിച്ചു.ബി.ജെ.പിയിലെ പി.അശോക് കുമാറിന് 34 വോട്ടും യു.ഡി.എഫിലെ സുരേഷ് കുമാറിന് ഒമ്ബത് വോട്ടും ലഭിച്ചു. ഇതില്‍ ബി.ജെ.പിയുടെ ഒരു വോട്ടും അസാധുവായി.

 രമയ്ക്കും ഉദയനും പിഴച്ചു

മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഓരോ വോട്ടു വീതം അസാധുവായി. മേയര്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധിയായ കാച്ചാണിയിലെ പി.രമയുടെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിന് പിന്നില്‍ പേര് എഴുതാത്തതിനെ തുടര്‍ന്നാണിത്. ഡെപ്യൂട്ടിമേയര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗമായ ചെമ്ബഴന്തിയിലെ ഉദയന്റെ വോട്ടാണ് അസാധുവായത്. സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ഗുണിത ചിഹ്നമിട്ട് വോട്ട് ചെയ്യേണ്ടതിന് പകരം ഒപ്പിട്ടതോടെയാണ് വോട്ട് അസാധുവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!