രാഹുലിന്റെ അപ്പീൽ ഹർജി തയ്യാർ; ഉടൻ സമർപ്പിക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിവിധിക്കെതിരായ രാഹുൽഗാന്ധിയുടെ അപ്പീൽ ഹർജി തയ്യാറായി. അടുത്തുതന്നെ സൂറത്ത് സെഷൻസ് കോടതിയിൽ ഇത് ഫയൽചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സെഷൻസ് കോടതിമുതൽ സുപ്രീംകോടതിവരെ നീണ്ടേക്കാവുന്ന കേസായതിനാൽ സമയമെടുത്താലും സൂക്ഷ്മതയോടെയും കരുതലോടെയും ഹർജി തയ്യാറാക്കണമെന്നായിരുന്നു നിയമവിഭാഗത്തിന് രാഹുൽഗാന്ധി നൽകിയ നിർദേശം. നിയമയുദ്ധത്തിനൊപ്പം രാഹുലിന്റെ അയോഗ്യതയ്ക്കെതിരേ രാഷ്ട്രീയപോരാട്ടം ശക്തമാക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷത്തെ ദേശീയനേതാക്കളുടെ യോഗം വേഗം വിളിക്കണമെന്ന ആവശ്യം ബുധനാഴ്ചയും ഉയർന്നു. കഴിഞ്ഞദിവസം ഖാർഗെ സഭാനേതാക്കന്മാർക്ക് നൽകിയ വിരുന്നിൽ ഏപ്രിലിൽ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു.

