ജയ്പുർ സ്ഫോടന പരമ്പര: വധശിക്ഷ വിധിച്ച നാല് പേരെ വെറുതെവിട്ടു, അന്വേഷണ സംഘത്തിനെതിരെ അന്വേഷണം

ജയ്പുർ: രാജസ്ഥാനിൽ 71 പേരുടെ മരണത്തിനിടയാക്കിയ ജയ്പുർ സ്ഫോടന പരമ്പര കേസിൽ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി. മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവരുടെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീർ ജെയിൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. 2008-ലെ ജയ്പുർ സ്ഫോടന പരമ്പര കേസിൽ നാല് പേർക്കെതിരെ 2019-ൽ കീഴ്കോടതി വധശിക്ഷ നൽകിയിരുന്നു. കേസിൽ മതിയായ തെളിവുകളില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച സംഘത്തിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടി. ക്രൂര മനോഭാവത്തോടെ, മതിയായ രീതിയിൽ നിയമങ്ങൾ അറിയാത്തവരെപ്പോലെ, പരിശീലനം ലഭിക്കാത്തവരെപ്പോലെയാണ് അന്വേഷണ സംഘം കേസിനെ സമീപിച്ചത്. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായ പരാജയം പ്രോസിക്യൂഷനെ നിരാശപ്പെടുത്തി, ഹാജരാക്കിയ തെളിവുകളൊന്നും തന്നെ മതിയായതല്ലെന്നും അദ്ദേഹം ജെയ്ൻ പറഞ്ഞു.

