ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹ്രസ്വവും ശക്തവുമായ ആക്രമണം അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം അമേരിക്ക നാവിക ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതുവരെ സംയമനം പാലിച്ചതെന്നും ഇറാൻ വ്യക്തമാക്കി.
ആഗോള വ്യാപാര പാതകളെയും മേഖലയിലെ സുരക്ഷയെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ സാമ്പത്തികമായി തളർത്തി ആഭ്യന്തരമായി ഭിന്നിപ്പുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു.
ഇറാനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതു വരെ അമേരിക്ക യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. യു എസ് കോൺഗ്രസിൻ്റ ഹൗസ് ആംഡ് സർവീസസിലെ ഹിയറിങ്ങിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹെഗ്സേത്ത്. ഇറാൻ യുദ്ധം അമേരിക്കയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞ അദേഹം യുദ്ധം എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കിയില്ല. ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 2500 കോടി ഡോളർ എന്ന് പെൻ്റഗൺ അറിയിച്ചു. വെടിനിർത്തൽ നീട്ടിയതിൽ ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തി.

