മാലിന്യസംസ്കരണകേന്ദ്രത്തിലെ തീപ്പിടിത്തം: നഗരസഭയുടെ പരാതിയിൽ അയൽവാസിക്കെതിരേ കേസ്

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ മാലിന്യസംസ്കരണകേന്ദ്രത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അയൽവാസിക്കെതിരേ കേസ്. ചെമ്മട്ടംവയലിലെ ശാന്ത ഇട്ടമ്മലിനെതിരേയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. നഗരസഭാധ്യക്ഷ കെ.വി. സുജാതയും സെക്രട്ടറി പി. ശ്രീജിത്തും ഇതുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസിൽ വെവ്വേറെ പരാതികൾ നൽകിയിരുന്നു.
ഞായറാഴ്ചയാണ് മാലിന്യസംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്. തൊട്ടടുത്ത പറമ്പിൽനിന്നാണ് തീ ഇവിടേക്കു പടർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ഹൊസ്ദുർഗ് പോലീസ് ശാന്തയ്ക്കെതിരേ അശ്രദ്ധമായി തീയിട്ടതിന് ഇന്ത്യൻ ശിക്ഷാനിയമം 285 പ്രകാരം കേസെടുക്കുകയായിരുന്നു. അതേസമയം മാലിന്യസംസ്കാരണകേന്ദ്രത്തിലെ തീ പൂർണമായും അണഞ്ഞു.
ഞായറാഴ്ച രാത്രിയിലും പുകപടലങ്ങളുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. മറ്റു പ്രയാസങ്ങളൊന്നും ഉണ്ടായില്ലെന്ന് സമീപത്തെ വീട്ടുകാരും പറഞ്ഞു. നഗരസഭാധ്യക്ഷ കെ.വി. സുജാത, ഉപാധ്യക്ഷൻ പി. അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അനീശൻ, കെ.വി. സരസ്വതി, സെക്രട്ടറി പി. ശ്രീജിത്ത്, ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് എന്നിവർ ഞായറാഴ്ച രാത്രി വൈകിയും ഇവിടെയുണ്ടായിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു, ബിജു, ഡ്രൈവർ അഖിലേഷ് എന്നീവർ തിങ്കളാഴ്ച രാവിലെവരെ മാലിന്യസംസ്കരണകേന്ദ്രത്തിൽ കാവലിരുന്നു. ഹൊസ്ദുർഗ് പോലീസും പുലർച്ചെവരെ സ്ഥലത്തുണ്ടായിരുന്നു. മാലിന്യസംസ്കരണകേന്ദ്രത്തിൽ തിങ്കളാഴ്ച ഹരിതകർമസേനക്കാർ പതിവുപോലെ പണിയെടുത്തു. കഴിഞ്ഞ മൂന്നുമാസങ്ങളിലായി 230 ടൺ മാലിന്യം ഇവിടെ നിന്ന് സംസ്കരിച്ചതായും മാലിന്യ ശേഖരണവും സംസ്കരണവും അതതുസമയത്ത് നടക്കുന്നുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞു.
കളക്ടർ റിപ്പോർട്ട് തേടി
:ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കളക്ടർ കെ. ഇമ്പശേഖർ നഗരസഭയോട് റിപ്പോർട്ട് തേടി. ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് നൽകുമെന്ന് സെക്രട്ടറി പി. ശ്രീജിത്ത് പറഞ്ഞു. അതിനിടെ തീപ്പിടിത്തമുണ്ടായ മാലിന്യകേന്ദ്രത്തിൽ ശുചിത്വമിഷൻ ഉദ്യോഗസ്ഥരെത്തി. ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എ. ലക്ഷ്മിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് നഗരസഭയോട് റിപ്പോർട്ട് തേടി. തൊട്ടടുത്ത പറമ്പിൽനിന്നു തീ പടർന്നതാണെന്നതടക്കമുള്ള വിവരങ്ങൾ കൈമാറിയതായി സെക്രട്ടറി പറഞ്ഞു.

