KSDLIVENEWS

Real news for everyone

സ്ത്രീധനം കിട്ടിയ 41 ലക്ഷം രൂപ പ്രദര്‍ശിപ്പിച്ചു, പൊന്നില്‍ കുളിച്ച്‌ വധു, വീഡിയോ വൈറല്‍, പിന്നാലെ പൊലീസും

SHARE THIS ON

സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കുറ്റമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ പലപ്പോഴും കൊടുക്കുന്നത് വീട്ടുകാര്‍ മാത്രം അറിഞ്ഞുള്ള ഒരേര്‍പ്പാടായി മാറുകയാണ് പലയിടത്തും. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ഷംലിയിലുള്ള ഒരു വ്യാപാരി ഈ സ്ത്രീധന നിയമത്തെ കുറിച്ച്‌ ഒന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം തന്റെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും, സ്വര്‍ണവും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വച്ചു. ആരോ അത് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തു. പോരെ പുകില്? വീഡിയോ വൈറലായതിന് പിന്നാലെ പൊലീസും, ആദായനികുതി വകുപ്പും അയാളെ അന്വേഷിച്ചെത്തി.

വിവാഹ ചടങ്ങില്‍ പാത്രങ്ങളില്‍ അടുക്കിവച്ചിരിക്കുന്ന നോട്ട് കെട്ടുകള്‍, കാല്‍മുട്ട് വരെ എത്തുന്ന വധുവിന്റെ സ്വര്‍ണ മാല, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് വരന്‍ പ്രദര്‍ശനത്തിന് വച്ചത്.

വീഡിയോയില്‍, വരന്‍ പണത്തിനെകുറിച്ചും സ്ത്രീധനമായി ലഭിച്ച എസ്‍യുവിയെക്കുറിച്ചും വീമ്ബിളക്കുന്നത് കാണാം. തുടര്‍ന്ന് പൊന്നില്‍ കുളിച്ച്‌ നില്‍ക്കുന്ന മണവാട്ടിയുടെ രൂപവും കാണാം. സ്ത്രീധനമായി ഏകദേശം ഒരുകോടി രൂപ ലഭിച്ചുവെന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാല്‍, വൈറലായ ആ പൊങ്ങച്ച വീഡിയോ പൊലീസിനെ മാത്രമല്ല പ്രകോപിപ്പിച്ചത്, സമൂഹത്തെ ഒന്നടങ്കമാണ്.

ഷാംലിയുടെ താനഭവാനിലാണ് ഈ കല്യാണം നടന്നത്. ഷംലി സ്വദേശിയും ഗുജറാത്തിലെ സൂറത്തിലെ തുണിവ്യാപാരിയുമായ വ്യക്തിയുടെ മകളാണ് വധു. വരന്‍ ഷംലി സ്വദേശിയായ കര്‍ണാടകയിലെ ബിസിനസ്സുകാരനും. കല്യാണ വീഡിയോ പരിശോധിച്ച പൊലീസ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഷംലിയിലെ തദ്ദേശവാസികളെയും ഈ വീഡിയോ ചൊടിപ്പിച്ചു. ആ കുടുംബത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത്തരം പൊങ്ങച്ച വീഡിയോകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരടിയാകുമെന്നും, ആ വീടുകളിലെ പിതാക്കന്മാര്‍ പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ പാടുപെടുമെന്നും സമുദായത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു. ഇപ്പോള്‍ പൊലീസും ആദായനികുതി വകുപ്പും അന്വേഷണത്തിന് എത്തിയതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് വീട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!